മെല്‍ബണ്‍: ഫെബ്രുവരി ആദ്യവാരം ഓസ്ട്രേലിയ സന്ദര്‍ശിക്കാനിരിക്കുന്ന ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് (Isaa-c Herzog) നല്‍കിയ ക്ഷണം പിന്‍വലിക്കണമെന്ന ആവശ്യം ഓസ്ട്രേലിയയില്‍ ശക്തമാകുന്നു. കഴിഞ്ഞ ഡിസംബറില്‍ സിഡ്നിയിലെ ബോണ്ടി ബീച്ചിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനാണ് പ്രസിഡന്റ് ഹെര്‍സോഗിനെ പ്രധാനമന്ത്രി ആന്തണി അല്‍ബനീസി ഔദ്യോഗികമായി ക്ഷണിച്ചത്.
ഫെബ്രുവരി 8 മുതല്‍ 12 വരെയാണ് സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി അല്‍ബനീസി, ഗവര്‍ണര്‍ ജനറല്‍ സാം മോസ്റ്റിന്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.പലസ്തീന്‍ അനുകൂല സംഘടനകളും ചില സ്വതന്ത്ര എംപിമാരും ഈ സന്ദര്‍ശനത്തെ ശക്തമായി എതിര്‍ക്കുന്നു.ഗാസയിലെ സൈനിക നടപടികളുടെ പശ്ചാത്തലത്തില്‍ ഇത്തരമൊരു സന്ദര്‍ശനം രാജ്യത്ത് ഭിന്നതയുണ്ടാക്കുമെന്ന് ഇന്‍ഡിപെന്‍ഡന്റ് എംപിമാരായ കേറ്റ് ചാനി, സോഫി സ്‌കാമ്പ്സ് എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.
അതേ സമയം ഇസ്രായേല്‍ പ്രസിഡണ്ടിന്റെ സന്ദര്‍ശനത്തെ പ്രധാനമന്ത്രി ന്യായീകരിച്ചു. ബോണ്ടി ഭീകരാക്രമണത്തിന് ശേഷം യഹൂദ സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും സാമൂഹിക ഐക്യം വളര്‍ത്താനുമാണ് ഈ സന്ദര്‍ശനം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.ഹെര്‍സോഗിനെതിരെ അന്താരാഷ്ട്ര തലത്തിലുള്ള യുദ്ധക്കുറ്റാരോപണങ്ങള്‍ ചൂണ്ടിക്കാട്ടി, അദ്ദേഹത്തിന്റെ സന്ദര്‍ശന വേളയില്‍ ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് അന്വേഷണം നടത്തണമെന്ന് ചില മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ബോണ്ടി ആക്രമണത്തിന് ശേഷമുള്ള ഈ സന്ദര്‍ശനം രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പിരിമുറുക്കം സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കൂ,’ എന്ന് എംപി കേറ്റ് ചാനി പ്രധാനമന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
പ്രസിഡന്റിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് സിഡ്നിയിലും മെല്‍ബണിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. വിപുലമായ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രധാന നഗരങ്ങളില്‍ പോലീസിനെ വിന്യസിക്കും.

