സിഡ്‌നി: ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ സന്ദർശനത്തിന് മുന്നോടിയായി ഓസ്‌ട്രേലിയയിൽ സുരക്ഷാ നടപടികൾ കർശനമാക്കി. കഴിഞ്ഞ ഡിസംബറിൽ സിഡ്‌നിയിലെ ബോണ്ടി ബീച്ചിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായാണ് പ്രധാനമന്ത്രി ആന്തണി അൽബനീസി പ്രസിഡന്റിനെ ഔദ്യോഗികമായി ക്ഷണിച്ചത്. ഫെബ്രുവരി 8 മുതൽ 12 വരെ നീളുന്ന സന്ദർശനത്തിൽ അദ്ദേഹം ജൂത സമൂഹവുമായും രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.
എന്നാൽ ഈ സന്ദർശനത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ്. ഹെർസോഗിന് നൽകിയ ക്ഷണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീൻ പാർട്ടി സെനറ്റിൽ പ്രമേയം അവതരിപ്പിച്ചു. ഗാസയിലെ സൈനിക നടപടികളുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് വിസ നിഷേധിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സിഡ്‌നിയിലും മെൽബണിലും വൻ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി.
പ്രതിഷേധങ്ങൾ അക്രമാസക്തമാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് സിഡ്‌നി നഗരത്തിൽ നിയന്ത്രണങ്ങൾ 14 ദിവസത്തേക്ക് കൂടി നീട്ടി. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പ്രീമിയർ ക്രിസ് മിൻസ് അറിയിച്ചു. അതേസമയം, ജൂത സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും സാമൂഹിക ഐക്യം ഉറപ്പാക്കുന്നതിനുമാണ് ഈ സന്ദർശനമെന്ന് പ്രധാനമന്ത്രി അൽബനീസി വ്യക്തമാക്കി.

