വോഡ്ക

ഏറ്റവും നിഷ്പക്ഷനായ മദ്യമാണ് വോഡ്ക.സ്വന്തമായിട്ടൊരു നിറമോ മണമോ സ്വാദോ ഇല്ലാത്ത ലഹരി.നിരുപദ്രവകാരികളായ ധാന്യത്തില്‍ നിന്നും ഉരുളക്കിഴങ്ങില്‍ നിന്നും വാറ്റിയെടുക്കുന്ന വോഡ്കയെ വിശ്വസ്തനും അലസനുമായൊരു സുഹൃത്തായി കരുതാം.നിറമോ രുചിയോ കൊണ്ട് ഒറ്റു കൊടുക്കുകയില്ല.ആരുടെ കൂടെയും ചേര്‍ന്ന് പോകും, തു കൂട്ടത്തിലും അലിഞ്ഞു അതിലൊന്നായി മാറും. ബഹളംവെച്ചോ മറ്റുള്ളവര്‍ക്കിടയില്‍ ഉയര്‍ന്നു നില്‍ക്കാന്‍ ശ്രമിച്ചോ ഒരിക്കലും പ്രശ്‌നക്കാരനാവുകയില്ല.എന്നാല്‍ കൂട്ടത്തിലുള്ള മറ്റേതൊരു ചങ്ങാതിയോളം ഉപകാരപ്രദനാണ്.

ഉല്ലാസത്തോടെ കൂട്ടുകൂടിയാണെങ്കിലും ദുഖങ്ങളെ മുക്കിക്കൊല്ലാന്‍ വേണ്ടി ഒറ്റക്കിരുന്നാണെങ്കിലും ഗംഭീരമായി മദ്യപിച്ചു കഴിഞ്ഞിട്ട് പിറ്റേന്ന് ഹാങ്ങ് ഓവറുമായി മല്ലിടുന്നതൊരു തൊല്ലയാണ്.മദ്യം വാറ്റിയെടുക്കുമ്പോള്‍ രൂപപ്പെടുന്ന ജൈവിക ഉള്‍വിഷമാണ് ഹാങ്ങ് ഓവര്‍ കൂടുതലാക്കുന്നത്.ചുവന്ന വൈനും വിസ്‌ക്കിയും പോലെ ഇരുണ്ട നിറത്തിലുള്ള മദ്യങ്ങളില്‍ ഈ ജൈവിക ഉള്‍വിഷം കൂടുതലുണ്ട്.പലര്‍ക്കും പ്രിയപ്പെട്ട ബര്‍ബന്‍ എന്നറിയപ്പെടുന്ന വിസ്‌കിയില്‍ വോഡ്കയില്‍ ഇല്ലാത്ത മുപ്പത്തിയേഴു രാസവസ്തുക്കളുണ്ട്.അതുകൊണ്ട് ശുദ്ധനായ നിറമില്ലാത്തവനായ വോഡ്ക കഴിച്ചാല്‍ മറ്റു മദ്യങ്ങള്‍ പോലെ ഹാങ്-ഓവര്‍ അധികമാവില്ല.

പണ്ടുകാലത്ത് വോഡ്ക ഒരു സര്‍വരോഗ സംഹാരിയായിരുന്നു.പനി മുതല്‍ പ്‌ളേഗ് വരെ സുഖപ്പെടുത്താനുള്ള കഴിവ് വോഡ്ക്കക്കുണ്ടെന്ന് ഒരുകാലത്തു മനുഷ്യര്‍ വിശ്വസിച്ചിരുന്നു.വിശ്വസിച്ചാലും ഇല്ലെങ്കിലും പല രോഗങ്ങളേയും അല്ലെങ്കില്‍ രോഗമുണ്ടെന്ന വിശ്വാസത്തെ ഇല്ലാതാക്കാന്‍ ഇന്നും വോഡ്കക്ക് കഴിവുണ്ട്.ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കൂട്ടി അത് കൊളസ്ട്രോളിന്റെ സമനില മെച്ചമാക്കും.വോഡ്കയില്‍ പഞ്ചസാരയോ,യീസ്റ്റോ,കൊളസ്‌ട്രോളോ,സോഡിയമോ,കൊഴുപ്പോ, കാര്‌ബോഹൈഡ്രേറ്റോ,ഗ്ലൂട്ടിനോ ഇല്ല.കലോറി കുറവാണ് താനും.

വോഡ്ക്ക ചുമന്നുകൊണ്ട് നടക്കാനും എളുപ്പമാണ്.അതിന് വെള്ളത്തിനേക്കാള്‍ ഭാരം കുറവാണ്.സാന്ദ്രത എന്നൊക്കെ കെമിസ്ട്രി ക്ലാസില്‍ ബോറന്‍ ടീച്ചറന്മാര്‍ പറഞ്ഞ ആ സാധനം തന്നെ. അതായാത് ഒരു ലിറ്റര്‍ വെള്ളത്തിന് ഒരു കിലോ ഭാരമുണ്ടെങ്കില്‍,ഒരു ലിറ്റര്‍ വോഡ്ക്കക്ക് അതില്‍ ചേര്‍ത്ത വെള്ളവും കൂട്ടി ഒരു കിലോയില്‍ താഴെയേ ഭാരമുണ്ടാവൂ! ഇത്രയും നല്ല ഒരു സുഹൃത്ത് വേറെ ആരാണുള്ളത്? ലോ മെയിന്റനന്‍സ്-ഭാര്യമാര്‍ ആവശ്യപ്പെടുന്നത് പോലെ പ്രത്യേക പരിപാലനവും സംരക്ഷണവും കൊടുക്കേണ്ട,ഭരിക്കാന്‍ വരാതെ നല്ല കടുത്ത ലഹരി തരുകയും ചെയ്യും. കെട്ടുവിട്ട് ഉണര്‍ന്നെഴുന്നേറ്റു വരുമ്പോള്‍ ഇന്നലത്തെ പെരുമാറ്റം എത്രമോശമായിപ്പോയി എന്ന് തലയില്‍കുത്തി ഓര്‍മ്മിപ്പിച്ചു രസിക്കുകയുമില്ല.

മുന്തിരി വളരാത്ത തണുപ്പന്‍ രാജ്യങ്ങളില്‍ നിന്നാണ് വോഡ്കയുടെ വരവ്.തണുപ്പിനെയും നീണ്ടു നീണ്ടു പോകുന്ന ശീതകാല മരവിപ്പിനേയും നേരിടാന്‍ അവിടെയുള്ള വിളവുകൊണ്ടു തന്നെ വീര്യമുള്ളൊരു പരിഹാരം അവര്‍ കണ്ടുപിടിച്ചു.ബെലറൂസ്, യൂക്രെയ്ന്‍,പോളണ്ട്,ലിത്വനിയ,റഷ്യ,പിന്നെയുള്ള സ്‌കാന്ഡിനേവിയന്‍ രാജ്യങ്ങളെല്ലാം കൂടിയാണ് വോഡ്ക ബെല്‍റ്റില്‍ പെടുന്നത്.റഷ്യക്കാരുടെ പ്രിയപ്പെട്ട മദ്യമാണ് വോഡ്ക.അവരത് കലര്‍പ്പില്ലാതെ നേരെ കുടിക്കുന്നവരാണ്.റഷ്യയില്‍ വോഡ്കക്കായിത്തന്നെ ഒരു മ്യൂസിയമുണ്ട്.

സ്‌ളാവിക് ഭാഷയില്‍ വെള്ളത്തിന്റെ വാക്കായ വോഡ-യില്‍ നിന്നാണ് വോഡ്ക എന്ന പേരുവന്നത്.വെള്ളം പോലെയുള്ള വോഡ്ക ആദ്യം ഉണ്ടായത് പോളണ്ടിലോ റഷ്യയിലോ എന്നൊരു തര്‍ക്കം നിലവിലുണ്ടായിരുന്നു.ആദ്യമായി അതായത് 1405- മാണ്ടില്‍ വോഡ്കയെ പേപ്പറില്‍ രേഖപ്പെടുത്തിയത് പോളണ്ടുകാരാണ് എന്ന് വാദിക്കുമ്പോള്‍ അതിനു മുന്‍പേ റഷ്യയില്‍ വോഡ്ക ഉണ്ടായിരുന്നു എന്ന് വില്യം പൊക്ലിയോബ്ക്കിന്റെ വോഡ്ക ചരിത്രം എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വില്യം അപൂര്‍വ്വമായ പല കയ്യെഴുത്തു പ്രതികളും ശേഖരിച്ചിരുന്നു.പാചക കലയിലും ചരിത്രത്തിലും അങ്ങേയറ്റം താല്പര്യമുണ്ടായിരുന്ന വില്യമിന് ലോകത്തിലുള്ള ഭക്ഷണക്രമങ്ങളുടെ ചരിത്രത്തിന്റെയും കയ്യെഴുത്തു പ്രതികളുടെയും വലിയൊരു ശേഖരമുണ്ടായിരുന്നു.അയാള്‍ എഴുതിയ ലോക ചായ ചരിത്രം എന്ന പുസ്തകം സാഹിത്യ ലോകത്ത് ശ്രദ്ധക്കപ്പെട്ടു. 1970-കളില്‍ വില്യമിനെ ഒരു വിമതനായിട്ടായിരുന്നു റഷ്യ കണ്ടിരുന്നത്.

അങ്ങനെയിരിക്കുമ്പോഴാണ് 1978-ല്‍ പോളണ്ടുകാര്‍ സോവ്യറ്റ് യൂണിയന് എതിരെ കേസു കൊടുക്കുന്നത്.വോഡ്ക എന്ന വാക്ക് പോളണ്ടില്‍ നിന്നും ഉത്ഭവിച്ചതാണെന്നും വാണിജ്യത്തിന് ആ വാക്കുപയോഗിക്കാനുള്ള അവകാശം പോളണ്ടിന് മാത്രമാണെന്നും ആയിരുന്നു അവരുടെ വാദം.സോവ്യറ്റ് യൂണിയന് ഇത് വല്ലാത്തൊരു അടിയായിപ്പോയി.അവരുടെ സഖ്യകക്ഷിയില്‍ നിന്നും തീരെ പ്രതീക്ഷിക്കാത്ത ചതിയായിരുന്നു അത്.പ്രത്യേകിച്ചും സോവ്യറ്റ് വിജ്ഞാനകോശത്തില്‍ വോഡ്ക റഷ്യയിലാണ് ആദ്യമായി ഉണ്ടാക്കിയത് എന്ന അച്ചടിച്ചു പ്രസിദ്ധീകരിച്ചിട്ടുള്ള സ്ഥിതിക്ക് ആരാണ് അതിനെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടുന്നത്?

സോവ്യറ്റ് ഗവണ്മെന്റ് പെട്ടെന്ന് ഭക്ഷണ ചരിത്രകാരനായ വില്യമിലേക്ക് തിരിഞ്ഞു.അതിനു പ്രയോജനം ഉണ്ടായി,വില്യമിന്റെ ഗവേഷണത്തെ അടിസ്ഥാനമാക്കി റഷ്യയില്‍ വോഡ്ക ഉണ്ടായി പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് പോളണ്ടില്‍ വോഡ്ക ഉണ്ടാക്കാന്‍ തുടങ്ങിയതെന്ന് 1982-ല്‍ തെളിയിക്കപ്പെട്ടു.അതോടെ വില്യമിന് അംഗീകാരവും ബഹുമാനവും കിട്ടി.

വില്യമിനെ ഒരു അരക്കിറുക്കാനായിട്ടാണ് ആളുകള്‍ കണ്ടിരുന്നത്. ഒരു ടെലിവിഷനോ ഫോണോ സ്വന്തമായി ഇല്ലാതിരുന്ന, പുറത്തു അധികം പോകാത്ത, മറ്റുള്ളവരോട് ഇടപഴകാന്‍ ഇഷ്ടമില്ലാതിരുന്ന വില്യമിന്റേത് തികച്ചും ഒറ്റപ്പെട്ട ജീവിതമായിരുന്നു. മൂന്നു മുറിയുള്ള ഒരു ഇടുങ്ങിയ വാടകസ്ഥലത്താണ് അയാള്‍ ജീവിതം കടത്തിവിട്ടത്.അയാള്‍ മുപ്പതുവര്‍ഷം വര്‍ഷം ജീവിച്ച ആ ഫ്‌ലാറ്റിന്റെ വാതലിനു കുറെ പൂട്ടുകളും തഴുതുകളും ഉണ്ടായിരുന്നു.ആരേയും അതിനുള്ളില്‍ കയറാന്‍ അയാള്‍ അനുവദിച്ചിരുന്നില്ല.

വില്യമിന്റെ മരണത്തിനും കുറച്ചു നാടകീയതയും ഗൂഢതയുമുണ്ട്.ദാരുണവും സംശയാസ്പദവുമായിരുന്നു എഴുപത്തിയാറുകാരനായ വില്യമിന്റെ അന്ത്യം.ശരിയായ മരണ ദിവസം തന്നെ ഉറപ്പില്ല.മാര്‍ച്ച 26 രണ്ടായിരത്തില്‍, പുട്ടിന്‍ പ്രസിഡന്റായി പ്രഖ്യാപിച്ച ദിവസമാണ് വില്യമിനെ അവസാനമായി ജീവനോടെ കണ്ടത്.മോസ്‌കോയിലുള്ള പബ്ലീഷറുമായി അന്ന് നടത്തിയ മീറ്റിംഗ് കഴിഞ്ഞു മടങ്ങിയ വില്യമിനെ പിന്നെ ആരും ജീവനോടെ കണ്ടിട്ടില്ല.കത്തുകള്‍ക്ക് മറുപടി അയക്കുന്നതില്‍ കൃത്യനിഷ്ട പാലിച്ചിരുന്ന ആളായിരുന്നു വില്യം.തന്റെ കത്തുകള്‍ക്ക് ആഴ്ചകള്‍ കഴിഞ്ഞിട്ടും മറുപടി കിട്ടാതായതോടെ അദ്ദേഹത്തിന്റെ എഡിറ്ററിന് പന്തികേട് തോന്നി.എഡിറ്ററുടെ നിര്‍ബ്ബന്ധപ്രകാരം വാതില്‍ കുത്തിത്തുറന്ന് വില്യമിന്റെ അപ്പാര്‍ട്ടുമെന്റിനകത്തു കയറിയ പോലീസ് കണ്ടത് ചീഞ്ഞു തുടങ്ങിയ ശവശരീരമായിരുന്നു.സ്‌ക്രൂഡ്രൈവര്‍ കൊണ്ട് പതിനൊന്ന് കുത്തുകളേറ്റിട്ടുണ്ടായിരുന്നു എന്ന് പിന്നീടുള്ള പരിശോധനയില്‍ കണ്ടതായി പറയുന്നുണ്ട്.വോഡ്ക യുദ്ധത്തിന് തീര്‍പ്പു കല്പിച്ചതുകൊണ്ട് പോളണ്ടിന് കോടിക്കണക്കിന് ലാഭം ഇല്ലാതായി.പോളണ്ടുകാര്‍ വിരോധം തീര്‍ത്തതാണെന്നു തുടങ്ങി വില്യമിന്റെ മരണത്തെപ്പറ്റി പല കഥകളുമുണ്ട്.

2005-ല്‍ വില്യമിന്റെ ജീവിതത്തെ, പ്രത്യേകിച്ച് മരണത്തെ അടിസ്ഥാനമാക്കി ഉലമവേ ീള മ ഈഹശിമൃശമി എന്ന ഒരു സിനിമയും ഇറങ്ങിയിരുന്നു.അല്ലെങ്കിലും കുറച്ചു ഗൂഢതയും രഹസ്യവുമൊക്കെ സാധാരണക്കാര്‍ക്കിഷ്ടമാണ്.വെറുതെ ഒരുവന്‍ ഒരുവളെ പ്രേമിച്ചു, ഇടയില്‍ പ്രശ്‌നം വന്നു, ഒടുക്കം അവര്‍ സന്തോഷത്തോടെ ഒന്നായി ജീവിച്ചു എന്നുള്ള പഴങ്കഥകള്‍ ആളുകള്‍ക്ക് മടുത്തു പോയിരിക്കുന്നു.കാഴ്ചക്കാരെ വിനോദിപ്പിക്കുന്നത് ദുരന്തങ്ങളും, അക്രമവും നിഗൂഢാത്മകമായ ജീവിതവുമാണ്.

………………………………………………………………………….

രാവിലെ കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ ശരീരം വിസമ്മതിച്ചു. അലാറമടിച്ചു കഴിഞ്ഞു പിന്നെയും ഉറങ്ങിപ്പോയി. കണ്‍പോളകള്‍ പകലിന്റെ വെളിച്ചത്തിനെ വെറുത്തു അടഞ്ഞു തന്നെയിരുന്നു.രണ്ടാമതും അലാറം ശബ്ദിച്ചപ്പോള്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു ഞാന്‍ ജോലിക്കു പോകാതിരിക്കാനുള്ള വഴികളാലോചിച്ചു.അവസാനം നിവര്‍ത്തികേടുകൊണ്ട് എഴുന്നേറ്റപ്പോള്‍ വഴുതിപ്പോകുന്ന കാലിനെ നിയന്ത്രിക്കാന്‍ ആയാസപ്പെട്ടു.

സമയം വളരെ വൈകിയതുകൊണ്ട് കുളിക്കാന്‍ സമയം കിട്ടിയില്ല.തിരക്കിട്ടു ജോലിക്കിറങ്ങുന്നതിനു മുന്‍പേ സ്‌പ്രൈറ്റിന്റെ കുപ്പി ലഞ്ചു ബാഗില്‍ നിന്നുമെടുത്തു. ജോലി സമയം കടത്തിവിടാന്‍ അതു മാത്രമായിരുന്നു ആശ്രയം.വോഡ്ക്ക ശ്രദ്ധയോടെ പകര്‍ന്നിട്ട് അതില്‍ നിന്നും ചെറിയൊരിറക്കെടുത്തു കുപ്പിയില്‍ മുറുകെപ്പിടിച്ചു ഞാന്‍ പ്രാര്‍ത്ഥിച്ചു പോയി.

‘എന്റെ ഒടേതമ്പുരാനേ ഈ ജോലി ഒന്നു തീര്‍ത്തു തരണേ!’
എന്നിട്ടും വോഡ്ക മാത്തുക്കുട്ടിയെ ഒറ്റു കൊടുത്തു.
………………………………………………………………………………………………..

കരയിലെ മീനുകള്‍ – നോവല്‍, മാതൃഭൂമി ബുക്‌സ്

നിര്‍മ്മല

(അറിയപ്പെടുന്ന എഴുത്തുകാരി
കാനഡയില്‍ താമസം)

Leave a Reply

Your email address will not be published. Required fields are marked *