കേരളത്തിലെ വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആര്) കരട് പട്ടികയില്‍ നിന്നും പുറത്തായവര്‍ക്ക് സുപ്രീം കോടതിയുടെ ആശ്വാസകരമായ ഇടപെടല്‍. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലും വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്ക ണമെന്ന് കോടതി ഉത്തരവിട്ടു. അര്‍ഹരായവര്‍ ആരെങ്കിലും പുറത്തായിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള സൗകര്യം ഇതിലൂടെ ഉറപ്പാക്കണമെന്നും, വോട്ടര്‍പട്ടികയില്‍ ഇടം നേടാനുള്ള പൗരന്റെ അവകാശം സംരക്ഷി ക്കപ്പെടണമെന്നും കോടതി നിരീക്ഷിച്ചു.
കരട് പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പരാതി നല്‍കാനുള്ള സമയപരിധി നീട്ടി നല്‍കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 22 വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന സമയം. എന്നാല്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് കൃത്യമായ വിവരം ലഭിക്കുന്നില്ലെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പരാതി കണക്കിലെടുത്ത് സമയം ഒന്ന് മുതല്‍ രണ്ട് ആഴ്ച വരെ നീട്ടാനാണ് കോടതി നിര്‍ദ്ദേശിച്ചത്. ഇതോടെ ഫെബ്രുവരി 21-ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം വൈകാനാണ് സാധ്യത.

