നാളെ വോട്ടെടുപ്പ്; കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം

തിരുവനന്തപുരം: കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം. ആഴ്ചകൾ നീണ്ടുനിന്ന ആവേശം നിറഞ്ഞ പരസ്യപ്രചാരണത്തിന് ഇന്നലെ വൈകുന്നേരത്തോടെ സമാപനമായി. പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നലെ പ്രമുഖ മുന്നണികളെല്ലാം വൻ ശക്തിപ്രകടങ്ങളുമായി ‘കൊട്ടിക്കലാശം’ ആവേശകരമാക്കിയിരുന്നു.നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് സ്ഥാനാർത്ഥികളും രാഷ്ട്രീയ പ്രവർത്തകരും. വീടുകൾ നേരിട്ട് സന്ദർശിച്ചും സോഷ്യൽ മീഡിയ വഴിയുമുള്ള വ്യക്തിപരമായ പ്രചാരണങ്ങൾക്കാണ് ഇന്ന് മുൻഗണന.

നാളെ രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകുന്നേരം 6 മണി വരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം.വോട്ടെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി സംസ്ഥാനത്തുടനീളം ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയുടെയും വെബ്കാസ്റ്റിംഗിന്റെയും നിരീക്ഷണം ഉണ്ടാകും.

വോട്ടെടുപ്പ് പ്രമാണിച്ച് നാളെ സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മദ്യവിൽപനശാലകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. ഉച്ചയോടെ ഉദ്യോഗസ്ഥർ തങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള ബൂത്തുകളിൽ എത്തിച്ചേരും. പോളിംഗ് ശതമാനം വർധിപ്പിക്കാനുള്ള വിപുലമായ പ്രചാരണ പരിപാടികൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന നാളത്തെ ജനവിധിക്കായി കാത്തിരിക്കുകയാണ് വോട്ടർമാർ

Leave a Reply

Your email address will not be published. Required fields are marked *