പത്മ പുരസ്‌കാരങ്ങളിലെ രാഷ്ട്രീയ ലാക്കുകള്‍

യഥാര്‍ത്ഥ പ്രതിഭകള്‍ക്കും രാജ്യം മാനിക്കേണ്ട വ്യക്തിത്വങ്ങള്‍ക്കുമാണ് റിപ്പബ്‌ളിക് ദിനത്തില്‍ നല്‍കപ്പെടുന്ന പരമോന്നത പുരസ്‌കാരങ്ങള്‍ എന്നതാണ് യഥാര്‍ത്ഥ സങ്കല്പം.എഴുപത്തിഏഴാമത് റിപ്പബ്‌ളിക് ദിനത്തിലും ആ സങ്കല്പത്തിന് മാറ്റമൊന്നും വരുത്തേണ്ടതില്ല.ഏതൊരു പുരസ്‌കാര സമര്‍പ്പണത്തിലും അത് യഥാര്‍ത്ഥ അവകാശികള്‍ക്ക് തന്നെയാണ് ലഭിക്കുന്നതെന്ന് തീര്‍ച്ചയാക്കേണ്ടതുണ്ട്.

ഇത്തവണ കേരളത്തിന് പ്രഖ്യാപിച്ച പത്മ സമ്മാനങ്ങള്‍ക്ക് പിന്നില്‍ ചില രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ കലര്‍ന്നിട്ടുണ്ടെന്ന പിറുപിറുക്കലുകള്‍ ഉയരുന്നതായി കേള്‍ക്കുന്നു.
പ്രത്യേകിച്ച്,സി.പി.എമ്മിനെ ബി.ജെ.പി ഭരണത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കുരുക്കിലാക്കുകയാണെന്ന വിചാരങ്ങളുയരുന്നു.

പത്മ പുരസ്‌കാരങ്ങള്‍,താമ്രപത്രം തുടങ്ങിയവ ഭരണകൂട ബഹുമതികളാണെന്നും ഏതെങ്കിലും പുരസ്‌കാര നേട്ടത്തിനുള്ളതല്ല പൊതുപ്രവര്‍ത്തനമെന്നുമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രഖ്യാപിത നിലപാട്.മുന്‍ കാലങ്ങളിലൊക്കെയും ഇത്തരത്തിലുള്ള ബഹുമതികള്‍ തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നുള്ള പാര്‍ട്ടി നിലപാട് വിട്ട് ഒരു തീരുമാനം ഉണ്ടായിട്ടുമില്ല.പ്രമുഖ നേതാക്കള്‍ ജീവിച്ചിരുന്ന കാലത്ത് അവരെല്ലാം ഇത് വ്യക്തമാക്കിയിട്ടുണ്ട്. ആരും ഇത്തരം പുരസ്‌കാരങ്ങള്‍ മുന്‍പ് സ്വീകരിച്ചിട്ടുമില്ല.

എന്നാല്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്ച്യുതാനന്ദന് മരണാനന്തര ബഹുമതിയായി സമര്‍പ്പിക്കുകയാണ് പത്മവിഭൂഷണ്‍ പുരസ്‌കാരം.അതുകൊണ്ടു തന്നെ ഈ സമ്മാന ബഹുമതി സ്വീകരിക്കുന്നോ ഇല്ലയോ എന്ന് വി.എസിന്റെ കുടുംബം തീരുമാനിക്കട്ടെയെന്നാണ് പാര്‍ട്ടി നിലപാട് എന്നാണ് സൂചനകള്‍ .

വി.എസിന് മരണാനന്തര ബഹുമതി ആയി പത്മവിഭൂഷണ്‍ നല്‍കുമ്പോള്‍ കുടുംബത്തിന്റെ നിലപാടിനാണ് ഏറ്റം പ്രാധാന്യം എന്നതാണ് പാര്‍ട്ടി വീക്ഷണം.പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം വി.എസ് ന്റെ മകന്‍ അരുണ്‍കുമാര്‍ നടത്തിയ പ്രതികരണം പാര്‍ട്ടി കണക്കിലെടുക്കുന്നു.വി.എസിന് പത്മവിഭൂഷണ്‍ നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ നേരത്തെ കുടുംബാംഗങ്ങളോട് ആരാഞ്ഞോ എന്ന കാര്യത്തിലും സി.പി.എമ്മിന് വ്യക്തതയില്ലെന്ന് അറിയുന്നു.തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് തങ്ങളെ കെണിയിലാക്കാനാണോ ബി.ജെ.പി.സര്‍ക്കാരിന്റെ ശ്രമം എന്നും സി.പി.എം ഭയക്കുന്നുണ്ടാവണം.

അതിനാല്‍ തന്നെ അനാവശ്യമായ വിവാദങ്ങളുയര്‍ത്തി രംഗം വഷളാക്കാന്‍ സി.പി.എം. ആഗ്രഹിക്കില്ലെന്നു കരുതാം.എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നല്‍കിയ പത്മഭൂഷണ്‍ പുരസ്‌കാരത്തിലും എതിരാളികള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കാണുന്നു.ഇടതുമുന്നണിക്കൊപ്പം നില്‍ക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് കേന്ദ്രത്തിന്റെ ആദരവ് താലത്തില്‍ വച്ച് വെള്ളാപ്പള്ളിക്ക് നീട്ടിയതെന്നതിന് പിന്നിലും ഗൂഢലക്ഷ്യങ്ങള്‍ സംശയിക്കപ്പെടുന്നുണ്ട്.എന്നാല്‍ പുരസ്‌കാരപ്രഖ്യാപനങ്ങളില്‍ രാഷ്ട്രീയം കാണരുതെന്നും യഥാര്‍ത്ഥ അവകാശികളിലേക്ക് ഇപ്പോഴാണ് അവയെത്തിയതെന്നുമാണ് ബി.ജെ.പി പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *