വൈപ്പിൻ ഇനി വിനോദസഞ്ചാര ഭൂപടത്തിൽ; കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിക്ക് ബോൾഗാട്ടിയിൽ തുടക്കമായി

കൊച്ചി: പ്രകൃതിഭംഗിയും നവോത്ഥാന ചരിത്രസ്മരണകളും കോർത്തിണക്കി വൈപ്പിൻ മണ്ഡലത്തെ വലിയൊരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്ന കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിക്ക് തുടക്കമായി. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ പദ്ധതിയുടെ ഉദ്ഘാടനം ബോൾഗാട്ടിയിൽ നിർവഹിച്ചു. സഹോദരൻ അയ്യപ്പൻ, ദാക്ഷായണി വേലായുധൻ തുടങ്ങിയ മഹദ്‌വ്യക്തികളുടെ ജന്മനാടിന്റെ ചരിത്രവും കടമക്കുടിയുടെ കായൽ സൗന്ദര്യവും സമന്വയിപ്പിച്ചാണ് ഈ ടൂറിസം പാക്കേജ് വിഭാവനം ചെയ്തിരിക്കുന്നത്.

മറൈൻ ഡ്രൈവിലെ വാട്ടർ മെട്രോയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ബോൾഗാട്ടി വഴി താന്തോന്നിതുരുത്ത്, ചെറിയാൻതുരുത്ത്, കടമക്കുടി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് കടന്നുപോകുന്നത്. കായൽ ഭംഗി ആസ്വദിച്ചുള്ള ജലയാത്രയ്ക്ക് ശേഷം മാലിപ്പുറം, എളങ്കുന്നപ്പുഴ ബീച്ച് എന്നിവ സന്ദർശിക്കാനുള്ള സൗകര്യവും പാക്കേജിലുണ്ട്. ഉച്ചഭക്ഷണം, ലഘുഭക്ഷണം, എൻട്രി ഫീസ് എന്നിവയുൾപ്പെടെ സാധാരണക്കാർക്ക് പ്രാപ്യമായ നിരക്കിലാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. തൊടുപുഴയിൽ നിന്നെത്തിയ അമ്പതംഗ സംഘമാണ് ആദ്യ യാത്രയുടെ ഭാഗമായത്.

മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് അക്വിലിൻ ലോപ്പസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക മുഖ്യാതിഥിയായി പങ്കെടുത്തു. കേരള ട്രാവൽ മാർട്ട് സെക്രട്ടറി എസ്. സ്വാമിനാഥൻ മുഖ്യപ്രഭാഷണം നടത്തി. കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.എസ്. ആൻ്റണി, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബർണാഡ് ബെന്നി, ബിടിസി സംസ്ഥാന കോ-ഓഡിനേറ്റർ ആർ. സുനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *