തിരുവനന്തപുരം: കായലോരത്ത് കൂടി നടപ്പാത, സൈക്കിള്‍ സവാരി,പാര്‍ക്കുകള്‍… അടിമുടി മാറാനൊരുങ്ങുകയാണ് വെള്ളായണി കായല്‍. മൈനര്‍ ഇറിഗേഷന്‍ വകുപ്പാണ് കായലിന്റെ പുനരുദ്ധാരണ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.കായല്‍,വയലുകള്‍,കൃഷി,ജലം എന്നിവ സംരക്ഷിക്കുന്നതിനൊപ്പം ജലശുദ്ധീകരത്തിനുള്ള പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു. പദ്ധതി പൂര്‍ത്തിയാകുമ്പോഴേക്കും ടൂറിസവുമായി യോജിപ്പിക്കുന്നതും വിഴിഞ്ഞം തുറമുഖത്തേക്കുള്ള ജലവിതരണപദ്ധതി തുടങ്ങുന്നതും ആലോചനയിലുണ്ട്.1.22 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തുനിന്ന് 15 ലക്ഷം ക്യൂബിക് മീറ്റര്‍ ചെളിയും എക്കലും നീക്കംചെയ്യുന്ന ഒന്നാംഘട്ടമാണ് ആരംഭിച്ചിരിക്കുന്നത്. 0.51 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ഹൈഡ്രോഗ്രാഫിക് സര്‍വേ നടത്തി.7 ലക്ഷം ക്യൂബിക് മീറ്റര്‍ ചെളിയും മണ്ണും നീക്കാന്‍ ആരംഭിച്ചു. ഇവ നിക്ഷേപിക്കാന്‍ സ്ഥലമില്ലാത്തതാണ് ഇപ്പോഴുള്ള പ്രശ്‌നം.
നിലവില്‍ കാര്‍ഷിക കോളേജിന്റെ സ്ഥലത്താണ് താത്കാലികമായി നിക്ഷേപം നടത്തുന്നത്. ചെളിയും മണ്ണും നീക്കുന്നതിനുള്ള ലേലനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
ശിവോദയം ബണ്ട് റോഡിന്റെ ഇരുവശങ്ങളിലും കരിങ്കല്‍ സംരക്ഷണഭിത്തി നിര്‍മ്മാണനടപടികള്‍ പുരോഗമിക്കുന്നുണ്ട്. കായലില്‍ നിറഞ്ഞുകിടന്ന പോളയും പുല്ലും മുഴുവനും നീക്കംചെയ്ത് കായലിലെ ഒഴുക്കും ശരിയാക്കിയിട്ടുണ്ട്.
അതിര്‍ത്തി നിര്‍ണയിക്കണംകായലിന്റെ അതിര്‍ത്തി നിര്‍ണയിക്കാനുള്ള നടപടികളാണ് ഇനിയുള്ളത്. കായലിനോടു ചേര്‍ന്ന് കിടക്കുന്നതും കായലില്‍ ഉള്‍പ്പെട്ടു കിടക്കുന്നതുമായ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ചിലര്‍ കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചിട്ടുണ്ട്. ഈ ഭൂമികൂടി വിട്ടുകിട്ടിയാലേ അതിര്‍ത്തി നിര്‍ണിയിച്ച് പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ സാധിക്കൂവെന്നും അധികൃതര്‍ പറഞ്ഞു.

