പശ്ചിമേഷ്യൻ യുദ്ധം ആശങ്കാജനകം; പ്രവാസികളുടെ സുരക്ഷയ്ക്കും ഇന്ധന വിതരണത്തിനും മുൻഗണന: പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഇന്ധന വിതരണത്തെ ബാധിക്കാതിരിക്കാനും പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് കേന്ദ്ര സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് അദ്ദേഹം ലോക്‌സഭയിൽ പറഞ്ഞു. വിഷയത്തിൽ ഏകദേശം 20 മിനിറ്റ് നീണ്ട പ്രസ്താവനയാണ് പ്രധാനമന്ത്രി നടത്തിയത്.

യുദ്ധം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ദീർഘകാലം നിലനിന്നേക്കാം എന്നതിനാൽ രാജ്യം സജ്ജമായിരിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുന്നതിനുള്ള ദീർഘകാല തന്ത്രങ്ങൾക്കായി കേന്ദ്രം പ്രവർത്തിച്ചുവരികയാണ്. സമാധാന ചർച്ചകളും നയതന്ത്രവുമാണ് പ്രശ്നപരിഹാരത്തിനുള്ള ഏക മാർഗ്ഗമെന്നും സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം വെല്ലുവിളി നിറഞ്ഞതാണെങ്കിലും പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വിതരണം തടസ്സപ്പെടാതിരിക്കാൻ സർക്കാർ മുൻകരുതലുകൾ എടുത്തിട്ടുണ്ട്. ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിൽ ഗാർഹിക ഉപഭോക്താക്കൾക്ക് മുൻഗണന നൽകുമെന്നും ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ, കർഷകർക്ക് ആവശ്യമായ വളം ലഭ്യമാക്കാൻ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *