അമൃത്സർ: അമൃത്സറിലെ വെയർഹൗസ് കോർപ്പറേഷൻ മാനേജർ ഗഗൻദീപ് സിംഗ് രൺധാവയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പഞ്ചാബ് മുൻ ഗതാഗത മന്ത്രി ലാൽജിത് സിംഗ് ഭുള്ളറെ പോലീസ് അറസ്റ്റ് ചെയ്തു. ഗഗൻദീപിന്റെ മരണത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്റെ നിർദ്ദേശപ്രകാരം നടപടിയുണ്ടായത്.
നേരത്തെ കേസിൽ ആരോപണവിധേയനായതിനെത്തുടർന്ന് ഭുള്ളർ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.മാർച്ച് 21-നാണ് ഗഗൻദീപ് സിംഗ് വിഷം കഴിച്ച് ജീവനൊടുക്കിയത്. മരിക്കുന്നതിന് മുൻപ് ഭുള്ളർക്കെതിരെ ആരോപണമുന്നയിച്ച് 12 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ അദ്ദേഹം റെക്കോർഡ് ചെയ്തിരുന്നു. താൻ വിഷം കഴിച്ചുവെന്നും മന്ത്രിയെ തനിക്ക് ഭയമാണെന്നും വീഡിയോയിൽ ഗഗൻദീപ് പറയുന്നുണ്ട്.
വെയർഹൗസുകളുടെ ടെൻഡർ ഭുള്ളറുടെ പിതാവിന്റെ പേരിൽ പാസാക്കാൻ രൺധാവയുടെ മേൽ മന്ത്രി സമ്മർദ്ദം ചെലുത്തിയതായാണ് വിവരം.ഈ ആവശ്യം നിരസിച്ചതിനെത്തുടർന്ന് മാർച്ച് 13-ന് രൺധാവയെ മന്ത്രിയുടെ വസതിയിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചുവെന്നും, തോക്കിൻമുനയിൽ നിർത്തി 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന വ്യാജ കുറ്റസമ്മതം വീഡിയോയിൽ പകർത്തി ബ്ലാക്ക് മെയിൽ ചെയ്തുവെന്നും പരാതിയുണ്ട്.
ഗഗൻദീപിന്റെ മരണമൊഴി പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയർന്നത്. ഇതിനെത്തുടർന്ന് ഭുള്ളറുടെ രാജി സ്വീകരിച്ച മുഖ്യമന്ത്രി വിഷയം ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരം ഭുള്ളർക്കും പിതാവ് സുഖ്‌ദേവ് സിംഗിനുമെതിരെ അമൃത്സർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

