മെൽബൺ: ഓസ്‌ട്രേലിയയിൽ മെഡിക്കെയർ കാർഡ് ഉടമകളെ ലക്ഷ്യമിട്ട് പുതിയ തരം വ്യാജ ടെക്സ്റ്റ് സന്ദേശങ്ങൾ (Scam Texts) വ്യാപിക്കുന്നു. ഗവൺമെന്റ് പോർട്ടലായ ‘myGov’-ൽ നിന്നെന്ന വ്യാജേന എത്തുന്ന ഈ സന്ദേശങ്ങൾക്കെതിരെ അധികൃതർ പൗരന്മാർക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകി.
2026 ഏപ്രിലിനുള്ളിൽ മെഡിക്കെയർ കാർഡ് പുതുക്കണമെന്നും അതിനായി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ‘myGov കസ്റ്റമർ സർവീസ് സെന്റർ’ എന്ന പേരിൽ വരുന്ന ഈ സന്ദേശങ്ങൾ ഒറ്റനോട്ടത്തിൽ ഔദ്യോഗികമാണെന്ന് തോന്നിക്കുമെങ്കിലും, ഇതിലെ യു.ആർ.എൽ (URL) പരിശോധിച്ചാൽ ഇത് വ്യാജമാണെന്ന് വ്യക്തമാകും. സന്ദേശത്തിന് മറുപടി നൽകാനോ ലിങ്ക് കോപ്പി ചെയ്ത് ബ്രൗസറിൽ ഉപയോഗിക്കാനോ ആണ് തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്.
മെഡിക്കെയർ സേവനങ്ങൾ റദ്ദാക്കുമെന്നോ വിവരങ്ങൾ അപൂർണ്ണമാണെന്നോ കാണിച്ചുള്ള മറ്റ് സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാൽ, വിവരങ്ങൾ പുതുക്കുന്നതിനായി മെഡിക്കെയർ ഒരിക്കലും ലിങ്കുകൾ അയക്കാറില്ലെന്ന് സർവീസസ് ഓസ്‌ട്രേലിയ വ്യക്തമാക്കി. ക്യു.ആർ കോഡ് വഴിയോ യു.ആർ.എൽ വഴിയോ ലോഗിൻ ചെയ്യാനോ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകാനോ സർക്കാർ ആവശ്യപ്പെടില്ല.
കാർഡിന്റെ കാലാവധി തീരാറായാൽ പുതിയ കാർഡ് നാല് മുതൽ എട്ട് ആഴ്ചകൾക്ക് മുമ്പ് തപാൽ മാർഗ്ഗം അയച്ചുനൽകുന്നതാണ് പതിവ്. ഇതിനായി ഉപഭോക്താക്കൾ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. myGov, സെന്റർലിങ്ക്, ടാക്സേഷൻ ഓഫീസ് എന്നിവയുടെ പേരിൽ എത്തുന്ന ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ഔദ്യോഗിക ആപ്പുകൾ മാത്രം ഉപയോഗിക്കണമെന്നും നാഷണൽ ആന്റി-സ്കാം സെന്റർ അറിയിച്ചു.

