കൊച്ചി: രാജ്യത്തെ 18 കേന്ദ്രങ്ങളിൽ വാട്ടർ മെട്രോ സർവീസ് ആരംഭിക്കുന്നതിനുള്ള സാധ്യതാപഠന റിപ്പോർട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) സമർപ്പിച്ചു. നഗര ഗതാഗതത്തിനായി ജലഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി നടത്തിയ പഠന റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്.
11 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 18 കേന്ദ്രങ്ങളിലാണ് പഠനം നടത്തിയത്. കനാൽ, നദി, കായൽ, കടൽ, പോർട്ട് വാട്ടർ എന്നിങ്ങനെ വൈവിധ്യമാർന്ന ജലമേഖലകളിൽ വാട്ടർ മെട്രോ സംവിധാനം നടപ്പിലാക്കുന്നതിനാണ് മുൻഗണന നൽകുന്നത്.ശ്രീനഗർ, ഗുവാഹത്തി, തേജ്പുർ, ദിബ്രുഗഡ്, പട്ന, വരാണാസി, അയോധ്യ, പ്രയാഗ്‌രാജ്, കട്ടക്, അഹമ്മാദാബാദ്, സൂറത്ത്, ഗോവ, മംഗലാപുരം, ആൻഡമാൻ, കേരളത്തിൽ കൊല്ലം, ആലപ്പുഴ എന്നീ കേന്ദ്രങ്ങളിലെ സാധ്യതാ പഠനമാണ് പൂർത്തിയായത്.ലക്ഷദ്വീപ്, കൊൽക്കത്ത എന്നീ രണ്ട് കേന്ദ്രങ്ങളിലെ പഠനങ്ങൾ ഇപ്പോൾ പുരോഗമിച്ചുവരികയാണ്.
കഴിഞ്ഞ നവംബറിലാണ് 18 കേന്ദ്രങ്ങളിൽ സാധ്യതാ പഠനം നടത്താൻ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയം കെഎംആർഎല്ലിനെ ചുമതലപ്പെടുത്തിയത്. കൊച്ചി മാതൃകയിലുള്ള വാട്ടർ മെട്രോ സംവിധാനം മറ്റ് സ്ഥലങ്ങളിൽ കൂടി നടപ്പിലാക്കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.

