വയനാട് പുനരധിവാസം: കോൺഗ്രസ് നിർമ്മിക്കുന്ന വീടുകൾക്ക് രാഹുൽ ഗാന്ധി തറക്കല്ലിട്ടു; പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു

കല്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചുനൽകുന്ന ഭവനപദ്ധതിയുടെ ശിലാസ്ഥാപനം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർവ്വഹിച്ചു. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിൽ വ്യാഴാഴ്ച (ഫെബ്രുവരി 26, 2026) ഉച്ചയ്ക്ക് നടന്ന ചടങ്ങിൽ വയനാട് എം.പി പ്രിയങ്ക ഗാന്ധി വാദ്രയും പങ്കെടുത്തു.

ആദ്യഘട്ടത്തിൽ 5.42 ഏക്കർ സ്ഥലത്തായി 50 വീടുകളാണ് കോൺഗ്രസ് നിർമ്മിക്കുന്നത്. ആറുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി വീടുകൾ കൈമാറാനാണ് കെ.പി.സി.സി ലക്ഷ്യമിടുന്നത്.ഓരോ ഗുണഭോക്താവിനും എട്ട് സെന്റ് സ്ഥലമാണ് നൽകുന്നത്. ഏകദേശം 1100 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്ന് ബെഡ്റൂമുകളോടു കൂടിയ ആധുനിക രീതിയിലുള്ള വീടുകളാണ് ഒരുക്കുന്നത്. ഒരു വീടിന് ഏകദേശം 25 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.

ദുരന്തത്തിൽ കച്ചവടസ്ഥാപനങ്ങൾ നഷ്ടപ്പെട്ടവരും സർക്കാർ സഹായ പട്ടികയിൽ ഉൾപ്പെടാത്തവരുമായ 40 വ്യാപാരികൾക്ക് 5 ലക്ഷം രൂപ വീതം ആകെ 2 കോടി രൂപയുടെ ധനസഹായം ചടങ്ങിൽ വിതരണം ചെയ്തു.സാങ്കേതിക കാരണങ്ങളാൽ സർക്കാർ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്കും പാടികളിലും മറ്റും താമസിച്ചിരുന്ന അർഹരായ ദുരന്തബാധിതർക്കുമാണ് മുൻഗണന നൽകുന്നത്.

മേപ്പാടി പഞ്ചായത്തിലെ ഏഴാഞ്ചിറയിൽ അഞ്ച് ഏക്കർ കൂടി ഏറ്റെടുത്ത് രണ്ടാം ഘട്ടത്തിൽ കൂടുതൽ വീടുകൾ നിർമ്മിക്കാനും പാർട്ടിക്ക് പദ്ധതിയുണ്ട്.കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മറ്റ് മുതിർന്ന കോൺഗ്രസ് – യു.ഡി.എഫ് നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. നേരത്തെ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ രാഹുൽ ഗാന്ധി പേരാവൂരിൽ നടന്ന കർഷക സംഗമത്തിൽ പങ്കെടുത്ത ശേഷമാണ് വയനാട്ടിലെത്തിയത്. മുസ്ലീം ലീഗ് നിർമ്മിച്ച വീടുകളുടെ താക്കോൽദാന ചടങ്ങിലും നേതാക്കൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *