വയനാട് തുരങ്കപാത: പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: വയനാട് തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം വേണമെന്നും നിർമ്മാണത്തിന് അനുമതി നൽകരുതെന്നും ആവശ്യപ്പെട്ട് പ്രകൃതി സംരക്ഷണ സമിതി നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. ഇതോടെ തുരങ്കപാതയുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകാൻ സർക്കാരിന് വഴിതെളിഞ്ഞു.

ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. നിലവിൽ പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതികൾ ഉണ്ടെന്നും ഈ ഘട്ടത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു.അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പശ്ചിമഘട്ട മേഖലയിൽ തുരങ്കം നിർമ്മിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും, പരിസ്ഥിതി അനുമതികൾ ലഭിക്കുന്നതിന് മുൻപ് നിർമ്മാണ നടപടികളിലേക്ക് കടക്കരുതെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളിൽ മെറിറ്റില്ലെന്ന് കോടതി വ്യക്തമാക്കി.

കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത സർക്കാർ വിഭാവനം ചെയ്യുന്നത്.കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് പദ്ധതിയുടെ നിർമ്മാണ ചുമതല. പദ്ധതിക്കായി വനഭൂമി വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്.ഹൈക്കോടതി നേരത്തെ ഈ ഹർജി തള്ളിയിരുന്നു. ഇതിനെതിരെയാണ് സമിതി സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി കൂടി അപ്പീൽ തള്ളിയതോടെ പദ്ധതിയുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങൾ വലിയൊരു പരിധിവരെ നീങ്ങിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *