ന്യൂഡൽഹി: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അറാഗ്ചിയുമായി ഫോണിൽ സംസാരിച്ചു. മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും കപ്പൽ ഗതാഗത സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ഇരുവരും വിശദമായി ചർച്ച ചെയ്തു.
നിലവിലെ യുദ്ധസാഹചര്യത്തെക്കുറിച്ചും അതിന്റെ ആഘാതങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചതായും വരും ദിവസങ്ങളിലും ആശയവിനിമയം തുടരാൻ തീരുമാനിച്ചതായും എസ്. ജയശങ്കർ എക്സിലൂടെ (X) അറിയിച്ചു.പേർഷ്യൻ ഗൾഫിലെ കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ച് ഇറാൻ വിദേശകാര്യ മന്ത്രി ചർച്ചയിൽ ഊന്നിപ്പറഞ്ഞു. മേഖലയിലെ അസ്ഥിരതയ്ക്ക് കാരണം അമേരിക്കയുടെയും ഇസ്രായേലിന്റെയും നടപടികളാണെന്ന് അദ്ദേഹം ആരോപിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ ജയശങ്കർ ആവർത്തിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പതിവായ കൂടിയാലോചനകൾ നടത്തുന്നതിനും ഇന്ത്യ പ്രാധാന്യം നൽകുന്നു.ഇറാൻ വിദേശകാര്യ മന്ത്രിയെ കൂടാതെ, പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും ഊർജ്ജ സുരക്ഷയെക്കുറിച്ചും ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രിയുമായും എസ്. ജയശങ്കർ സംസാരിച്ചു.

