പശ്ചിമേഷ്യൻ സമാധാനം: പാക്കിസ്ഥാൻ, സൗദി, തുർക്കി, ഈജിപ്ത് രാജ്യങ്ങൾ ഇസ്‌ലാമാബാദിൽ സമ്മേളിക്കുന്നു

ഇസ്‌ലാമാബാദ്: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥശ്രമങ്ങളുടെ ഭാഗമായി പാക്കിസ്ഥാൻ, സൗദി അറേബ്യ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇന്നും നാളെയുമായി ഇസ്‌ലാമാബാദിൽ ചർച്ച നടത്തും. സംഘർഷ പരിഹാരത്തിനായി കൃത്യമായ ഒരു രൂപരേഖ തയ്യാറാക്കുകയാണ് ഈ നിർണ്ണായക സമ്മേളനത്തിന്റെ ലക്ഷ്യം.യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന സമാധാന നിർദ്ദേശങ്ങൾ പാക്കിസ്ഥാൻ നേരത്തെ ഇറാന് കൈമാറിയിരുന്നു. ഈ നിർദ്ദേശങ്ങൾ ഇറാൻ പരിഗണിക്കുന്നതായാണ് സൂചന.പ്രശ്നപരിഹാരത്തിനുള്ള വ്യക്തമായ പാത ഒരുക്കുകയാണ് ലക്ഷ്യമെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹാക്കാൻ ഫിദാൻ അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുക്കുന്ന നാല് രാജ്യങ്ങളും നിലവിൽ മധ്യസ്ഥശ്രമങ്ങളിൽ സജീവ പങ്കാളികളാണ്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഫോണിലൂടെ ചർച്ച നടത്തി. വിശ്വാസ്യത ഉറപ്പാക്കിയാൽ മാത്രമേ ചർച്ചകളും മധ്യസ്ഥതയും സാധ്യമാകൂ എന്ന് പെസെഷ്കിയാൻ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുമായും ഗൾഫ് രാജ്യങ്ങളുമായും നടത്തുന്ന ചർച്ചകളെക്കുറിച്ച് ഷരീഫ് ഇറാനെ ധരിപ്പിച്ചു.ഇറാൻ ഈ ആഴ്ച തന്നെ അമേരിക്കയുമായി നേരിട്ട് ചർച്ചയ്ക്ക് തയ്യാറായേക്കുമെന്ന് ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പ്രത്യാശ പ്രകടിപ്പിച്ചു.യുദ്ധം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര നീക്കങ്ങളിൽ ഇസ്‌ലാമാബാദിലെ ഈ ചതുർരാഷ്ട്ര സമ്മേളനം നിർണ്ണായകമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *