ഡാറ്റാ സ്വകാര്യതാ ദിനത്തിന് മുന്നോടിയായി ഉപയോക്താക്കളുടെ അക്കൗണ്ട് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി വാട്ട്സ്ആപ്പ് പുതിയ കർശന നിയന്ത്രണങ്ങൾ അവതരിപ്പിച്ചു. സൈബർ ആക്രമണങ്ങൾക്ക് സാധ്യതയുള്ളവർക്കായി ഒരു ‘ലോക്ക്ഡൗൺ’ മാതൃകയിലുള്ള സുരക്ഷാ പാളിയാണ് മെറ്റാ ഒരുക്കുന്നത്. അക്കൗണ്ടിലെയും ഉപകരണത്തിലെയും പ്രധാനപ്പെട്ട വിവരങ്ങളിലേക്കുള്ള ആക്സസ് പരിമിതപ്പെടുത്താനും അജ്ഞാതരായ വ്യക്തികൾ ഡാറ്റ ദുരുപയോഗം ചെയ്യുന്നത് തടയാനും ഈ ഫീച്ചർ സഹായിക്കും.
ഒരു ടോഗിൾ ബട്ടൺ വഴി വളരെ എളുപ്പത്തിൽ ഈ സുരക്ഷാ ക്രമീകരണം പ്രവർത്തനക്ഷമമാക്കാം. ഇത് ഓണാക്കുന്നതോടെ, കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത വ്യക്തികളിൽ നിന്നുള്ള മീഡിയ ഫയലുകളും അറ്റാച്ച്മെന്റുകളും സ്വയമേവ തടയപ്പെടും. സ്പൈവെയർ ഉപയോഗിച്ച് വിവരങ്ങൾ ചോർത്തുന്നത് തടയാൻ സഹായിക്കുന്ന രീതിയിൽ അക്കൗണ്ട് ക്രമീകരണങ്ങൾ ഏറ്റവും നിയന്ത്രിതമായ തലത്തിലേക്ക് ഈ ഫീച്ചർ മാറ്റും.
കൂടുതൽ സാങ്കേതികമായ സുരക്ഷ ഉറപ്പാക്കാൻ ‘റസ്റ്റ്’ എന്ന പ്രോഗ്രാമിംഗ് ഭാഷയുടെ സഹായത്തോടെയുള്ള നവീകരണവും വാട്ട്സ്ആപ്പ് നടത്തുന്നുണ്ട്. സന്ദേശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവയിലേക്ക് സ്പൈവെയറുകൾ നുഴഞ്ഞുകയറുന്നത് തടയാൻ ഈ മാറ്റം ഉപകരിക്കും. വരും വർഷങ്ങളിൽ മെറ്റായുടെ മറ്റ് ആപ്പുകളിലും ഈ സുരക്ഷാ സാങ്കേതികവിദ്യ ആഴത്തിൽ സംയോജിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

