സിപിഐഎമ്മിനുള്ളിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദങ്ങളിൽ കടുത്ത വെളിപ്പെടുത്തലുകളുമായി ആർഎംപി നേതാവ് കെ.കെ. രമ എംഎൽഎ രംഗത്തെത്തി. താൻ പാർട്ടിയിൽ ഉണ്ടായിരുന്ന കാലത്ത് രക്തസാക്ഷികൾക്കായി 25 കോടി രൂപയോളം പിരിച്ചെടുത്തിരുന്നുവെന്നും എന്നാൽ അതിന്റെ കണക്കുകൾ എവിടെയും കാണാനുണ്ടായിരുന്നില്ലെന്നും രമ തുറന്നടിച്ചു.
പൊതുസമൂഹത്തിൽ നിന്ന് പിരിച്ചെടുക്കുന്ന പണത്തിന്റെ കണക്ക് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും പയ്യന്നൂരിൽ ഇപ്പോൾ നടക്കുന്നത് നീതിക്ക് വേണ്ടിയുള്ള സമരമാണെന്നും അവർ പറഞ്ഞു. സത്യം തുറന്നു പറഞ്ഞതിന്റെ പേരിൽ നടപടി നേരിട്ട വി. കുഞ്ഞികൃഷ്ണന്റെ വീട്ടിലേക്ക് ഇനി ‘ഇന്നോവ’ വരാതിരിക്കട്ടെ എന്ന കെ.കെ. രമയുടെ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ഒഞ്ചിയം പോലെ തന്നെ പാർട്ടിയുടെ ശക്തികേന്ദ്രമായ പയ്യന്നൂരിലും സത്യം പറയുന്നവർ വേട്ടയാടപ്പെടുകയാണെന്ന് അവർ കൂട്ടിച്ചേർത്തു.

