വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം കഴിഞ്ഞ ദിവസം വെടിയേറ്റ നാഷണല്‍ ഗാര്‍ഡ് അംഗം സാറാ ബെക്ക്സ്ട്രോ (20) മരിച്ചു. മറ്റൊരു നാഷണല്‍ ഗാര്‍ഡ് അംഗമായ ആന്‍ഡ്രൂ വൂള്‍ഫ് (24) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
സൈനികര്‍ക്ക് നേരെ വെടിവെച്ച റഹ്മാനുല്ല ലഖന്‍വാള്‍ (29) അഫ്ഗാന് യുദ്ധകാലത്ത് യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണെന്ന് യുഎസ് ഇന്റലിജന്‍സ് ഏജന്‍സിയായ സിഐഎ സ്ഥിരീകരിച്ചു.സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.റഹ്മാനുള്ള യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണെന്ന് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലും സ്ഥിരീകരിച്ചു.
”താലിബാന് ശക്തികേന്ദ്രമായ തെക്കന്‍ കാണ്ഡഹാര്‍ പ്രവിശ്യയിലെ സിഐഎയുടെ പിന്തുണയുള്ള ഒരു യൂണിറ്റ് ഉള്‍പ്പെടെ അഫ്ഗാനിസ്ഥാനിലെ നിരവധി യുഎസ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി റഹ്മാനുല്ല പ്രവര്‍ത്തിച്ചിരുന്നു.കാണ്ഡഹാറിലെ ഒരു പങ്കാളിത്ത സേനയിലെ അംഗമെന്ന നിലയിലായിരുന്നു റഹ്മാനുല്ലക്ക് ഏജന്‍സിയുമായുള്ള ബന്ധം. സംഘര്‍ഷഭരിതമായ ഒഴിപ്പിക്കലിന് തൊട്ടുപിന്നാലെ ഇത് അവസാനിക്കുകയും ചെയ്തു”- ജോണ്‍ റാറ്റ്ക്ലിഫ് പറഞ്ഞു.
അക്രമി വലിയ വില കൊടുക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വളരെയധികം ബഹുമാനിക്കപ്പെടുന്ന ഗംഭീര വ്യക്തിയായിരുന്നു സാറ ബെക്ക്സ്ട്രോ എന്ന് ട്രംപ് പറഞ്ഞു

