ഗ്രേസ് ടാമിനെ ‘ബുദ്ധിമുട്ടുള്ളവൾ’ എന്ന് വിളിച്ച പ്രധാനമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം; മാപ്പ് നിരസിച്ച് മുൻ ഓസ്‌ട്രേലിയൻ ഓഫ് ദി ഇയർ

മെൽബൺ: മുൻ ഓസ്‌ട്രേലിയൻ ഓഫ് ദി ഇയറും ലൈംഗികാതിക്രമങ്ങളെ അതിജീവിച്ചവർക്കായി പോരാടുന്ന ആക്ടിവിസ്റ്റുമായ ഗ്രേസ് ടാമിനെ വിശേഷിപ്പിക്കാൻ ‘ബുദ്ധിമുട്ടുള്ളവൾ’ (Difficult) എന്ന വാക്ക് ഉപയോഗിച്ച പ്രധാനമന്ത്രി ആന്തണി അൽബനീസിക്കെതിരെ വ്യാപക പ്രതിഷേധം. പ്രധാനമന്ത്രിയുടെ ഖേദപ്രകടനം ഗ്രേസ് ടാം പരസ്യമായി നിരസിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം മെൽബണിൽ നടന്ന ‘ഫ്യൂച്ചർ വിക്ടോറിയ’ കോൺഫറൻസിനിടെ പ്രമുഖ വ്യക്തികളെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാനുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടാണ് അൽബനീസി ഇത്തരത്തിൽ പ്രതികരിച്ചത്. ഗ്രേസ് ടാമിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘ഡിഫിക്കൽറ്റ്’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. ഇത് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി. കീഴടങ്ങാൻ തയ്യാറാകാത്ത സ്ത്രീകളെ വിശേഷിപ്പിക്കാൻ സ്ത്രീവിരുദ്ധർ ഉപയോഗിക്കുന്ന വാക്കാണിതെന്ന് ഗ്രേസ് ടാം പ്രതികരിച്ചു.

വിമർശനം ശക്തമായതോടെ കാൻബെറയിൽ വെച്ച് പ്രധാനമന്ത്രി വിശദീകരണവുമായി രംഗത്തെത്തി. ഗ്രേസ് ടാമിന്റെ ജീവിതം പ്രയാസകരമായിരുന്നു (Difficult life) എന്ന അർത്ഥത്തിലാണ് താൻ ആ വാക്ക് ഉപയോഗിച്ചതെന്നും തെറ്റിദ്ധരിക്കപ്പെട്ടതിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ വിശദീകരണത്തെ ഗ്രേസ് ടാം രൂക്ഷമായി പരിഹസിച്ചു. “പഴയ പ്രധാനമന്ത്രി സ്കോട്ട് മോറിസണെപ്പോലെ ഇപ്പോൾ ഇദ്ദേഹവും സംസാരിക്കുന്നു. ‘അവൾക്ക് പ്രയാസകരമായ ജീവിതമായിരുന്നു’ എന്നൊക്കെയുള്ള സഹതാപ പ്രകടനം എന്നോട് വേണ്ട കിളവാ,” എന്ന് ഗ്രേസ് ടാം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. താൻ പ്രധാനമന്ത്രിയെ അസ്വസ്ഥയാക്കി എന്നതിന്റെ തെളിവാണ് ഈ വാക്കുകളെന്നും അവർ കൂട്ടിച്ചേർത്തു.

രാഷ്ട്രീയ രംഗത്തുനിന്നും പ്രധാനമന്ത്രിക്കെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. സ്ത്രീകളെ ‘ബുദ്ധിമുട്ടുള്ളവർ’ എന്ന് മുദ്രകുത്തി നിശബ്ദരാക്കാൻ കഴിയില്ലെന്ന് ഗ്രീൻസ് പാർട്ടി നേതാവ് ലാറിസ്സ വാട്ടേഴ്‌സ് പറഞ്ഞു. ‘തകർക്കാൻ കഴിയാത്തവൾ’ എന്നോ ‘പോരാളി’ എന്നോ വിശേഷിപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കേണ്ടിയിരുന്നതെന്ന് അവർ ഓർമ്മിപ്പിച്ചു.

അതേസമയം, പ്രോ-പാലസ്തീൻ റാലിയിൽ ഗ്രേസ് ടാം ഉപയോഗിച്ച ചില ഭാഷകളോട് തനിക്ക് വിയോജിപ്പുണ്ടെന്നും ഒരാളെയും ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രി പിന്നീട് കൂട്ടിച്ചേർത്തു. ഇതേ അഭിമുഖത്തിൽ മുൻ പ്രിൻസ് ആൻഡ്രൂവിനെ ‘വൃത്തികെട്ടവൻ’ (Grub) എന്നും പോളിൻ ഹാൻസണെ ‘വിഭജനമുണ്ടാക്കുന്നവൾ’ (Divisive) എന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *