പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ തലസ്ഥാനമായ പെര്‍ത്തില്‍ രണ്ടിടങ്ങളില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ ജനജീവിതത്തെയും ഗതാഗതത്തെയും ബാധിച്ചു. കെന്‍വിക്ക് (Kenwick), ബുള്‍സ്ബ്രൂക്ക് (Bullsbrook) എന്നീ ഭാഗങ്ങളിലാണ് അടിയന്തര സാഹചര്യമുള്ളത്. ജീവനും സ്വത്തിനും ഭീഷണിയുള്ളതിനാല്‍ ഈ പ്രദേശങ്ങളിലുള്ളവരോട് ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ശക്തമായ കാറ്റില്‍ പടരുന്ന തീ ഇതുവരെ 93 ഹെക്ടറിലധികം സ്ഥലം നശിപ്പിച്ചു. തീ അണയ്ക്കാന്‍ നൂറിലധികം അഗ്നിശമന സേനാംഗങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഈ ഭാഗത്ത് ഒരു ഷെഡ് കത്തിനശിച്ചു.
പുകപടലങ്ങള്‍ കാരണം പെര്‍ത്ത് എയര്‍പോര്‍ട്ടിന്റെ പ്രധാന റണ്‍വേ അല്പനേരത്തേക്ക് അടച്ചിടേണ്ടി വന്നു. വെല്ഷ്പൂളില് നിന്നും ഫ്രീമാന്റിലിലേക്കുള്ള ചരക്ക് തീവണ്ടി ഗതാഗതവും നിര്‍ത്തിവെച്ചു.
പെര്‍ത്തിന്റെ വടക്ക്-കിഴക്കന്‍ ഭാഗത്തുള്ള ബുള്സ്ബ്രൂക്കിലും അപ്പര്‍ സ്വാന് (Upper Swan) മേഖലയിലും നിയന്ത്രണാതീതമായ തീ പടരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. വാല്യുങ്ക നാഷണല്‍ പാര്‍ക്കിന്റെ (Walyunga National Park) ഭാഗങ്ങളും ഭീഷണിയിലാണ്.
കെന്‍വിക്ക്, വാട്ടില്‍ ഗ്രോവ്, മാഡിംഗ്ടണ്‍, ബെക്കന്‍ഹാം, ബുള്‍സ്ബ്രൂക്ക്, അപ്പര്‍ സ്വാന് തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്കാണ് എമര്‍ജന്‍സി വാണിംഗ് നല്‍കിയിരിക്കുന്നത്. മാഡിംഗ്ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.
വരും ദിവസങ്ങളില്‍ പെര്‍ത്തില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്നതിനാല്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്

