സിഡ്നി: ന്യൂ സൗത്ത് വെയിൽസിലെ ആത്മീയ കേന്ദ്രത്തിൽ വെച്ച് അമാസോണിയൻ തവളയുടെ വിഷവും ലഹരിമരുന്നും ഉപയോഗിച്ചുള്ള ആചാരത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ നാല് വർഷത്തിന് ശേഷം റിട്രീറ്റ് ഓപ്പറേറ്റർ അറസ്റ്റിൽ. ബൈറോൺ ബേയ്ക്ക് സമീപമുള്ള കോളിൻസ് ക്രീക്കിലെ ‘ആർക്കൂറ’ റിട്രീറ്റ് സെന്റർ നടത്തിപ്പുകാരനായ സോളോർ ‘ലോർ’ സോളാരിസിനെയാണ് (52) ചൊവ്വാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തത്. 2021-ൽ 45-കാരനായ ജറാഡ് ആന്റനോവിച്ച് കൊല്ലപ്പെട്ട സംഭവത്തിലാണ് ഇയാൾക്കെതിരെ നരഹത്യാ കുറ്റം ചുമത്തിയത്.
സൗത്ത് അമേരിക്കൻ ഗോത്രവർഗ്ഗക്കാർക്കിടയിൽ പ്രചാരമുള്ള ‘ആയാവാസ്ക’ എന്ന സസ്യജന്യ ലഹരിമരുന്നും ‘കാംബോ’ എന്ന തവളവിഷവും ആചാരത്തിന്റെ ഭാഗമായി ജറാഡിന് നൽകിയതായാണ് പോലീസ് കണ്ടെത്തൽ. ആമസോൺ വനങ്ങളിൽ കാണപ്പെടുന്ന വലിയ മരത്തവളകളുടെ പുറത്തുനിന്നും ചുരണ്ടിയെടുക്കുന്ന പശ പോലുള്ള ദ്രാവകമാണ് കാംബോ. ഇത് ശരീരത്തിൽ പുരട്ടുന്നത് വിഷാംശം രക്തത്തിൽ കലരാൻ കാരണമാകും. ഈ പദാർത്ഥങ്ങൾ ഉള്ളിൽ ചെന്നതിനെത്തുടർന്ന് കഠിനമായ ഛർദ്ദിയുണ്ടാവുകയും ജറാഡിന്റെ അന്നനാളത്തിൽ മുറിവേൽക്കുകയും ചെയ്തതാണ് മരണത്തിലേക്ക് നയിച്ചത്.
2021 ഒക്ടോബർ 16-ന് നടന്ന ചടങ്ങിൽ സോളാരിസ് നേരിട്ട് ഇടപെട്ടതായും ജറാഡിന്റെ ആരോഗ്യനില മോശമായിട്ടും വൈദ്യസഹായം ലഭ്യമാക്കുന്നതിൽ മനഃപൂർവ്വം താമസം വരുത്തിയതായും കോടതി രേഖകൾ വ്യക്തമാക്കുന്നു. ജറാഡ് കുഴഞ്ഞുവീണപ്പോൾ ആംബുലൻസ് വിളിക്കുന്നതിന് പകരം ആചാരങ്ങൾ തുടരാനാണ് ഇയാൾ നിർദ്ദേശിച്ചത്. കൂടാതെ, മരണവിവരമറിഞ്ഞെത്തിയ പോലീസിനോട് ലഹരിമരുന്ന് ഉപയോഗിച്ച കാര്യം മറച്ചുവെക്കാൻ ചടങ്ങിൽ പങ്കെടുത്തവരോട് സോളാരിസ് ആവശ്യപ്പെട്ടതായും ആരോപണമുണ്ട്.
ഓസ്‌ട്രേലിയയിൽ ‘ഷെഡ്യൂൾ 10’ വിഭാഗത്തിൽ ഉൾപ്പെടുത്തി പൂർണ്ണമായും നിരോധിച്ച വിഷപദാർത്ഥമാണ് കാംബോ. ജറാഡിന്റെ മരണത്തിന് രണ്ടാഴ്ച മുമ്പാണ് ഇതിന് നിരോധനം ഏർപ്പെടുത്തിയത്. ആയാവാസ്ക 2022-ലും നിരോധിക്കപ്പെട്ടു. അറസ്റ്റ് ചെയ്ത സോളാരിസിനെ കർശന ഉപാധികളോടെ ജാമ്യത്തിൽ വിട്ടു. മാർച്ച് 30-ന് ലിസ്‌മോർ ലോക്കൽ കോടതിയിൽ ഇയാളെ ഹാജരാക്കും. ലഹരിമരുന്നുകൾ ഉപയോഗിച്ചുള്ള ഇത്തരം അപകടകരമായ ആചാരങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് ജറാഡിന്റെ കുടുംബം ആവശ്യപ്പെട്ടു.

