ബ്രിസ്‌ബേൻ നദിതീരത്ത് യുവതിക്ക് നേരെ ആക്രമണം; ഇ-സ്കൂട്ടർ യാത്രക്കാരായ കൗമാരക്കാർക്കായി തിരച്ചിൽ

ബ്രിസ്‌ബേൻ: നഗരമധ്യത്തിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ഇ-സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവാക്കളുടെ ആക്രമണം. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ബ്രിസ്‌ബേൻ നദിക്ക് സമീപമുള്ള വില്യം ജോളി ബ്രിഡ്ജിലെ നടത്തത്തിനിടെയാണ് 23 കാരിയായ റൂബി ഫ്രേസറിന് ദുരനുഭവമുണ്ടായത്. വ്യായാമത്തിന്റെ ഭാഗമായി ഓടിക്കൊണ്ടിരുന്ന റൂബിയുടെ ഹെഡ്ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ച സംഘം, അതിന് സാധിക്കാതെ വന്നതോടെ യുവതിയെ അസഭ്യം പറയുകയും ദേഹത്ത് തുപ്പുകയും ചെയ്തതായി പോലീസ് അറിയിച്ചു.

ഓച്ചൻഫ്ലവർ ലാങ് പരേഡിന് സമീപമായിരുന്നു സംഭവം. ഹെഡ്ഫോൺ തട്ടിയെടുക്കാനുള്ള ശ്രമം തടഞ്ഞതോടെ അക്രമിസംഘം പ്രകോപിതരാകുകയും അതിരൂക്ഷമായ ഭാഷയിൽ അധിക്ഷേപിക്കു കയുമായിരുന്നു. അക്രമികളിൽ നിന്നും രക്ഷപ്പെടാനായി സമീപത്തെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ അഭയം പ്രാപിച്ച റൂബി ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. ഭാഗ്യം കൊണ്ടാണ് താൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്നും എന്നാൽ ഈ സംഭവം മാനസികമായി വലിയ തളർച്ചയുണ്ടാക്കിയെന്നും റൂബി മാധ്യമങ്ങളോട് പറഞ്ഞു. ഒറ്റയ്ക്ക് പുറത്തിറങ്ങാൻ ഇപ്പോൾ ഭയമാണെന്നും അവർ കൂട്ടിച്ചേർത്തു.

അക്രമികളെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ആരംഭിച്ചെങ്കിലും ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല. പ്രതികൾ 15-നും 20-നും ഇടയിൽ പ്രായമുള്ളവരാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ ഒരാൾ ചുവന്ന ഹൂഡിയും കറുത്ത പാന്റും ധരിച്ച 160 സെന്റീമീറ്റർ ഉയരമുള്ളയാളാണ്. രണ്ടാമൻ കറുത്ത വിൻഡ് ബ്രേക്കർ ജാക്കറ്റ് ധരിച്ച 180 സെന്റീമീറ്റർ ഉയരമുള്ള യുവാവുമാണ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ പോലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *