വാഷിങ്ടന്‍: വൈറ്റ് ഹൗസിനു സമീപം രണ്ടു ദിവസങ്ങള്‍ക്കു മുമ്പുണ്ടായ വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സൈനിക ഉദ്യോഗസ്ഥ മരിച്ചു. നാഷണല്‍ ഗാര്‍ഡിലെ അംഗമായിരുന്ന സാറ ബക്‌സ്‌ട്രോമാണ് ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. വെടിവയ്പില്‍ സാറയെ കൂടാതെ ഗുരുതരമായി പരിക്കേറ്റ യുഎസ് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ആന്‍ഡ്രൂ വോള്‍ഫ് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തന്നെ ആശുപത്രിയിലാണ്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു ശേഷമാണ് വൈറ്റ്ഹൗസിനു സമീപം അഫ്ഗാന്‍ വംശജനായ അക്രമി വെടിയുതിര്‍ക്കുന്നത്. ആദ്യം സാറയ്ക്കു നേരെയായിരുന്നു വെടിവയ്പ്. ഒന്നാമത്തെ വെടി നെഞ്ചിനാണേറ്റത്. രണ്ടാമത്തേത് തലയിലും. അതിനു ശേഷമാണ് രണ്ടാമത്തെ സൈനികനെയും ഉന്നം പിടിച്ച് വെടി വയ്ക്കുന്നത്. അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന സമയത്ത് അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന അഫ്ഗാനിയായ റഹ്‌മാനുള്ള ലകന്‍വാളാണ് ആക്രമണത്തിനു പിന്നിലെന്നു പറയുന്നു.

