ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്തെ കർത്തവ്യപഥിൽ സംഘടിപ്പിച്ച ‘ശക്തി വോക്ക്’ (Shakti Walk #SheLeadsBharat) ശ്രദ്ധേയമായി. വിവിധ മേഖലകളിൽ നിന്നുള്ള മൂവായിരത്തോളം വനിതകൾ പങ്കെടുത്ത പദയാത്ര, സ്ത്രീശാക്തീകരണത്തിന്റെയും ഒത്തൊരുമയുടെയും പ്രഖ്യാപനമായി മാറി. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്നലെ രാവിലെ ഏഴരയോടെ ഇന്ത്യ ഗേറ്റിൽ നിന്ന് ആരംഭിച്ച പദയാത്ര കേന്ദ്രമന്ത്രി അന്നപൂർണാ ദേവി ഫ്ലാഗ് ഓഫ് ചെയ്തു. ഏകദേശം രണ്ട് കിലോമീറ്റർ ദൂരം താണ്ടി വിജയ് ചൗക്കിലാണ് യാത്ര സമാപിച്ചത്. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, സഹമന്ത്രിമാരായ സാവിത്രി താക്കൂർ, അനുപ്രിയ പട്ടേൽ തുടങ്ങിയ പ്രമുഖരും പദയാത്രയിൽ അണിനിരന്നു.
സായുധ സേനകൾ, പോലീസ്, ആരോഗ്യം, മാധ്യമം, കായികം തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രതിനിധികളും ആശാ വർക്കർമാർ, അധ്യാപകർ, ലോക്കോ പൈലറ്റുമാർ എന്നിവരും വോക്കിൽ പങ്കാളികളായി. പദയാത്രയുടെ ഭാഗമായി വനിതാ ശാക്തീകരണത്തിനായി സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള പ്രദർശനങ്ങളും ഒരുക്കിയിരുന്നു. കേരളത്തിന്റെ ശിങ്കാരിമേളവും കളരിപ്പയറ്റും ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ കലാപ്രകടനങ്ങൾ ചടങ്ങിന് മിഴിവേകി. വന്ദേമാതരം ആലാപനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്.

