ലിംഗനീതിയിലെ സുപ്രധാന നാഴികക്കല്ല്; ‘സ്ത്രീസുരക്ഷാ പെൻഷൻ’ പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയും സ്വാശ്രയത്വവും ലക്ഷ്യമിട്ട് സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീസുരക്ഷാ പെൻഷൻ’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ലിംഗനീതിയിൽ അധിഷ്ഠിതമായ നവകേരള നിർമ്മാണത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു.

സ്ത്രീസമൂഹത്തിന്റെ സുരക്ഷിതത്വവും അന്തസ്സും ഉറപ്പുവരുത്താൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് ക്ഷേമ പെൻഷനുകളോ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളോ ലഭിക്കാത്ത 35-നും 60-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിലുള്ളവർക്കുമാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

അർഹരായ ഗുണഭോക്താക്കൾക്ക് പ്രതിമാസം 1000 രൂപ വീതം പെൻഷൻ ലഭിക്കും.അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നിവയിലുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ, മറ്റ് സർവീസ് പെൻഷനുകൾ എന്നിവ കൈപ്പറ്റുന്നവർക്ക് ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിയില്ല.

കമ്പ്യൂട്ടറൈസ്ഡ് സംവിധാനമായ ‘കെ-സ്മാർട്ട്’ (K-SMART) പോർട്ടൽ വഴി ഓൺലൈനായും അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിലൂടെ കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സുരക്ഷിതത്വം വർദ്ധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ കൂടുതൽ ഗുണഭോക്താക്കളെ പദ്ധതിയുടെ ഭാഗമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *