വഡോദര: വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് ആവേശ ജയം. ത്രില്ലറിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ 15 റൺസിനാണ് മുംബൈ ഇന്ത്യൻസ് തോൽപ്പിച്ചത്.
മുംബൈ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനെ സാധിച്ചുള്ളു. വെടിക്കെട്ട് ബാറ്റിംഗുമായി റിച്ചാ ഘോഷ് തിളങ്ങിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. 50 പന്തിൽ 90 റൺസാണ് റിച്ചാ ഘോഷ് എടുത്തത്. 10 ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു റിച്ചയുടെ ഇന്നിംഗ്സ്.
നദീൻ ഡി ക്ലർക്ക് 28 റൺസും ഗ്രെയ്സ് ഹാരീസ് 15 റൺസും എടുത്തു. മുംബൈയ്ക്ക് വേണ്ടി ഹെയ്ലി മാത്യൂസ് മൂന്ന് വിക്കറ്റെടുത്തു. ഷബ്നിം ഇസ്മായിലും അമേലിയ കെറും രണ്ട് വിക്കറ്റ് വീതവും അമൻജോത് കൗർ ഒരു വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 199 റൺസാണ് എടുത്തത്. വെടിക്കെട്ട് സെഞ്ചുറി നേടിയ നാറ്റ് സിവർ-ബ്രണ്ടിന്റെയും അർധ സെഞ്ചുറി നേടിയ ഹെയ്ലി മാത്യൂസിന്റെയും മികവിലാണ് മുംബൈ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
57 പന്തിൽ നിന്ന് 100 റൺസാണ് സിവർ-ബ്രണ്ട് എടുത്തത്. 16 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു സിവർ-ബ്രണ്ടിന്റെ ഇന്നിംഗ്സ്. ഹെയ്ലി 56 റൺസാണ് എടുത്തത്. 39 പന്തിൽ ഒന്പത് ബൗണ്ടറികൾ താരം അടിച്ചെടുത്തു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 20 റൺസ് സ്കോർ ചെയ്തു.
ആർസിബിക്ക് വേണ്ടി ലോറൻ ബെൽ രണ്ട് വിക്കറ്റെടുത്തു. നദീൻ ഡി ക്ലർക്കും ശ്രേയങ്ക പാട്ടീലും ഒരോ വിക്കറ്റ് വീതം വീഴ്ത്തി. വിജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാനും മുംബൈയ്ക്കായി. ആർസിബി നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു.

