വൂണ്‍ഗോങ് അണക്കെട്ട്,പെര്‍ത്തിലെ ബാണാസുരന്‍….

യാത്രാവിവരണം

പെര്‍ത്തില്‍ നിന്ന് 30 കിലോമീറ്റര്‍ തെക്ക് മാറി സ്ഥിതിചെയ്യുന്ന നമ്മുടെ നാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടിന് സമമായ ഒരു അണക്കെട്ടാണ് പെര്‍ത്തിലെ വൂണ്‍ഗോങ് അണക്കെട്ട്..

ബാണാസുരന്‍ കബനി നദിയുടെ ഉപ നദിയായ കരമനതൊടിയുടെ കുറുകെ നിര്‍മ്മിച്ച മണ്‍ അണക്കെട്ടാണെങ്കില്‍ ഈ അണക്കെട്ട് വൂണ്‍ഗോങ് നദിക്ക് കുറുകെ കിടക്കുന്ന ഒരു വലിയ മണ്‍ കൂനയാണ്.

1979 പണി കഴിച്ച ഈ അണക്കെട്ടിന് സുമാര്‍ അര കിലോമീറ്റര്‍ നീളമുണ്ട്..ഉയരം 67 മീറ്റര്‍. ഡാമിന്റെ ഇരുവശങ്ങളിലും വലിയ കരിങ്കല്ലുകള്‍ ഭംഗിയായി പാകിയിരിക്കുന്നു.60 ബില്യണ്‍ ലിറ്റര്‍ ജലം സംഭരിക്കാവുന്ന ഈ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം 132 ചതുര കിലോമീറ്ററാണ്.പെര്‍ത്തുകാര്‍ കുടിക്കുന്ന ജലത്തിന്റെ ചെറിയതല്ലാത്ത ഒരു ഭാഗത്തിന്റെ ഉറവിടമാണ് വൂണ്‍ഗോങ് ജലസംഭരണി.

പെര്‍ത്തില്‍ നിന്ന് സഞ്ചരിക്കുമ്പോള്‍ അല്‍ബനി ഹൈവേ വഴി ബെഡ്ഫോടെയിലെത്തി അവിടെ നിന്ന് വലത്തേക്ക് പോകുന്ന അഡ്മിറല്‍ റോഡ് വഴി സുമാര്‍ 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഡാമിലെത്താം.

അണക്കെട്ടിന്റെ ഹൃദയത്തിലേക്ക് നയിക്കുന്ന ഈ പാതയ്ക്ക് ഒരു പ്രത്യേക ഭാവമാണ്. ഒരു വളവുകളും ഓരോ കാഴ്ചകള്‍,പാത വിജനം.സാമാന്യം വലിയ മരം കൊണ്ട് പാതയ്ക്ക് ഇരുവശവും അലങ്കരിക്കപ്പെട്ടിരിക്കുന്നു.ഈ പാത എത്തിച്ചേരുക വിശാലമായ കാര്‍ പാര്‍ക്കിലേക്കാണ്.കാര്‍ പാര്‍ക്കില്‍ നിന്ന് ഏതാണ്ട് 200 മീറ്ററോളം നടന്നാല്‍ ഡാമില്‍ എത്തിച്ചേരാം.ഒരല്പം ദൂരം ഡാമിന് കുറുകെ നടന്നാല്‍ ജലത്തിലൂടെ അലയടിച്ചെത്തുന്ന മന്ദമാരുതന്‍ നമ്മളെയൊന്ന് തഴുകും.ജലത്തിലേക്ക് വിശാലമായി ഒന്നു നോക്കിയാല്‍ ഇത് ശാന്തതയുടെ ഒരു പ്രതീകമായി തോന്നും.ജീവിതത്തിലെ കൊച്ചു കൊച്ചു ദുഃഖങ്ങളെ ശാന്തമാക്കാനുള്ള ശാന്തത.

കുടിക്കാനുള്ള ജലമായതിനാല്‍ കുളിക്കാനുള്ള അനുവാദമില്ല.

കാലുകള്‍ക്ക് താഴെ കര.മുകളില്‍ നീലാകാശം. ഒരു ഭാഗത്ത് ശാന്തമായ ജലാശയം.. മറുഭാഗത്ത് അഗാധമായ കൊക്ക. അണക്കെട്ടിന്റെ കൈവരിയില്‍ കണ്ണടച്ചിരുന്നാല്‍ കാറ്റ് നമ്മള്‍ തഴുകുകയല്ല ഒരു ദിവ്യ സംഗീതം മൂളി പോകുന്നതുപോലെ തോന്നും.

ബാണാസുരന്‍ മഹാബലിയുടെ പുത്രനായിരുന്നു എന്നാണ് ചരിത്രം.തികച്ചും ഒരു ശിവഭക്തന്‍.അദ്ദേഹത്തിന്റെ ശക്തിയും ആധിപത്യവും കാടുകളിലും പര്‍വ്വത പ്രദേശങ്ങളിലും ഗുഹകളിലും ആയിരുന്നു എന്ന് പറയപ്പെടുന്നു.

വയനാട്ടില്‍ അണക്കെട്ട് നിര്‍മ്മിച്ച പ്രദേശം മലനിരകളും ചെറു നദികളും നിറഞ്ഞ വനപ്രദേശമാണ്. അതിനാല്‍ അതിനോട് ചേര്‍ന്ന ‘അസുരന്റെ രാജ്യം’ എന്ന ഐതിഹ്യത്തെ ബന്ധപ്പെടുത്തി ബാണാസുരന്റെ പേര് ഈ അണക്കെട്ടിന് നല്‍കിയെന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്നത്.

വോംഗോങ് എന്ന അബോര്‍ജിനല്‍ പദത്തിന് ആലിംഗനം എന്ന അര്‍ത്ഥമാണ് വരിക. ഇവിടെ ഒരു അണക്കെട്ട് പ്രകൃതിയെ വേര്‍പെടാതെ മുറുകെ പിടിച്ചിരിക്കുന്നു.

എന്റെയും സഹയാത്രികരായ പ്രഭിയുടെയും പ്രവീണിന്റെയും ഹൃദയങ്ങളെയും…

Sree puliyampatta
Perth westan Australia

Leave a Reply

Your email address will not be published. Required fields are marked *