ഫോര്‍ച്യൂണറിനുള്ള ‘പണി’ മഹാരാഷ്ട്രയില്‍ ഒരുങ്ങി!

ജര്‍മന്‍ ബ്രാന്‍ഡ് ആയ വോക്‌സ്‌വാഗൻ ഏതൊരു പുതിയ കാര്‍ വിപണിയില്‍ എത്തിക്കുന്നു. ഈ വര്‍ഷം വോക്‌സ്‌വാഗണ്‍ രാജ്യത്തിന് സമ്മാനിക്കുന്ന പുതിയ മോഡല്‍ ഫ്‌ലാഗ്ഷിപ്പ് 7 സീറ്റര്‍ എസ്‌യുവിയായ ടെയ്‌റോണ്‍ R-ലൈന്‍ ആണ്. 2021-ല്‍ വിപണി വിട്ട ടിഗുവാന്‍ ഓള്‍സ്പേസിന് ശേഷം ടെയ്‌റോണിലൂടെ 3-വരി എസ്‌യുവി വിഭാഗത്തിലേക്ക് ജര്‍മന്‍ ബ്രാന്‍ഡ് റീഎന്‍ട്രി നടത്താന്‍ പോകുകയാണ്. 2026 മാര്‍ച്ചില്‍ വിപണിയിലെത്താന്‍ പോകുന്ന ടെയ്‌റോണ്‍ എസ്‌യുവി ഇന്ത്യയില്‍ അസംബിള്‍ ചെയ്യാന്‍ ആരംഭിച്ചതായി വോക്‌സവാഗണ്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. മഹാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള (ഔറംഗബാദ്) പ്ലാന്റിലാണ് വാഹനത്തിന്റെ നിര്‍മ്മാണം നടക്കുന്നത്.

കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗണ്‍ (CKD) കിറ്റുകളായി ഇന്ത്യയില്‍ എത്തിച്ച് അസംബിള്‍ ചെയ്യുന്നതിനാല്‍ ടെയ്‌റോണിന് മത്സരാധിഷ്ഠിത വില നല്‍കാന്‍ വോക്‌സവാഗണിന് സാധിക്കും. MQB EVO പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം.

2.0 ലിറ്റര്‍ TSI ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ടെയ്‌റോണിന്റെ ഹൃദയം. ഈ എഞ്ചിന്‍ 204 PS പവറും 320 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 7-സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും വോക്‌സ്‌വാഗണിന്റെ 4 മോഷന്‍ (4MOTION) ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റവും ഏത് റോഡിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഇത് സഹായിക്കും. 15 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ്. ഇത് ഡ്രൈവര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പാകത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ മുഴുവന്‍ വിവരങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമുണ്ട്. വെന്റിലേഷന്‍, മസാജ് ഫംഗ്ഷനുകളുള്ള ഫ്രണ്ട് സീറ്റുകള്‍ ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പനോരമിക് സണ്‍റൂഫ് ക്യാബിന് കൂടുതല്‍ ആഡംബര പ്രതീതി നല്‍കുന്നതോടൊപ്പം 30 കളര്‍ ആംബിയന്റ് ലൈറ്റിംഗ് മൂഡും ഉണ്ട്.

ലെവല്‍ 2 ADAS, 360 ഡിഗ്രി ക്യാമറ, 7 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് തുടങ്ങിയവ സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടുന്നു. രാത്രി യാത്രകള്‍ സുരക്ഷിതമാക്കാന്‍ മട്രിക്‌സ് എല്‍ഇഡി ഹെഡ്ലാമ്പുകളും പിന്നില്‍ കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലാമ്പുകളും നല്‍കിയിട്ടുണ്ട്. പ്രീമിയം എസ്‌യുവി സെഗ്മെന്റില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, സ്‌കോഡ കൊഡിയാക്, ജീപ്പ് മെറിഡിയന്‍, എംജി ഗ്ലോസ്റ്റര്‍ എന്നീ മോഡലുകളുമായാണ് ടെയ്‌റോണ്‍ മത്സരിക്കുക. ഏകദേശം 45 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെയാണ് പുത്തന്‍ മോഡലിന്റെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *