സിഡ്‌നി: പടിഞ്ഞാറൻ സിഡ്‌നിയിലെ ഇമു പ്ലെയിൻസിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ബില്ലിംഗ്ടൺ പ്ലേസിലെ ഒരു കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണ് നാൽപ്പതുകാരനായ തൊഴിലാളിക്ക് അതിശക്തമായ വൈദ്യുതാഘാതമേറ്റത്.
അപകടവിവരം അറിഞ്ഞ ഉടൻ തന്നെ പാരാമെഡിക്സ് സ്ഥലത്തെത്തി ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. മരിച്ചയാളെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ മരണത്തിൽ ദുരൂഹതയൊന്നും ഉള്ളതായി കരുതുന്നില്ലെന്നും പോലീസ് അറിയിച്ചു.
അപകടത്തെത്തുടർന്ന് ബില്ലിംഗ്ടൺ പ്ലേസ് പൊതുജനങ്ങൾക്കായി താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.ഫോറൻസിക് പരിശോധനകൾക്കും മറ്റ് അന്വേഷണങ്ങൾക്കുമായി പ്രദേശം പോലീസിന്റെ നിയന്ത്രണത്തിലാണ്. ജോലിസ്ഥലത്തെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുന്ന സേഫ്‌വർക്ക് എൻ.എസ്.ഡബ്ല്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ കൊറോണർക്ക് സമർപ്പിക്കാനായി വിശദമായ റിപ്പോർട്ട് പോലീസ് തയ്യാറാക്കി വരികയാണ്

