ബ്രിസ്‌ബേൻ:: ബ്രിസ്‌ബേനിൽ ജോലിക്കിടയിൽ സഹപ്രവർത്തകന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ സോയി സാംസൺ-വുഡിന്റെ (20) ആരോഗ്യനിലയെക്കുറിച്ചും പരിക്കുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ വ്യാഴാഴ്ച കൂപ്പരൂവിലെ ഈസ്റ്റ്‌സ് ലീഗ്‌സ് ക്ലബ്ബിൽ വെച്ചാണ് സോയിക്ക് 15-ഓളം തവണ കുത്തേറ്റത്. സോയിയോട് മോശമായി പെരുമാറിയതിനെ തുടർന്ന് സംഭവത്തിന് മണിക്കൂറുകൾക്ക് മുൻപ് ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട കാമറൂൺ വില്യം ലെസ്ലി ക്ലർക്ക് (33) എന്നയാളാണ് ആക്രമണം നടത്തിയത്.
തലയോട്ടിയിലേക്കും സ്നായുക്കളിലേക്കും (tendons) ആഴ്ന്നിറങ്ങിയ ആഴത്തിലുള്ള മുറിവുകൾ സോയിയുടെ നാഡീവ്യവസ്ഥയെ ബാധിച്ചിട്ടുണ്ടെന്നും ഇതിനെത്തുടർന്ന് പുനർനിർമ്മാണ ശസ്ത്രക്രിയയ്ക്ക് (reconstructive surgery) അവർ വിധേയയായെന്നും സഹോദരി റൂബി വെളിപ്പെടുത്തി. ആക്രമണത്തിനിടെ സോയിയെ രക്ഷിക്കാൻ ശ്രമിച്ച 61 വയസ്സുകാരനായ ഷെഫിനും മറ്റൊരു സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്. ഷെഫിന്റെ വയറ്റിലാണ് കുത്തേറ്റത്. സോയി അതിശക്തമായി പ്രതിരോധിച്ചത് കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയതെന്നും തന്നെ സഹായിക്കാൻ മുന്നോട്ടുവന്നവരോട് നന്ദിയുണ്ടെന്നും റൂബി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ശക്തമായ ബോധവൽക്കരണം ആവശ്യമാണെന്നും ജോലിസ്ഥലങ്ങളിൽ പോലും അവർ സുരക്ഷിതരല്ലെന്നും റൂബി കൂട്ടിച്ചേർത്തു. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതി കാമറൂൺ ക്ലർക്കിനെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. തിങ്കളാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടുമെന്ന് കരുതുന്ന സോയി നിലവിൽ സുഖം പ്രാപിച്ചുവരികയാണ്.

