അന്താരാഷ്ട്ര വനിതാദിനം — മാർച്ച് 8
സ്ത്രീ: ചരിത്രം മറന്ന ദേവത, വർത്തമാനം തിരിച്ചറിയുന്ന പോരാളി
ഒരു ദിവസം കൊണ്ട് അളന്ന് തീർക്കാനാകുന്നതല്ല സ്ത്രീത്വം. ഒരു ദിവസം കൊണ്ട് ആഘോഷിച്ചു തീർക്കാനും കഴിയാത്തതാണ് ആ ജീവിതം. കാരണം സ്ത്രീയുടെ ജീവിതം ഒരു ഉത്സവമാണ് — തീർച്ചപ്പെടുത്തലുകൾക്ക് അതീതമായ, ഋതുക്കൾ പോലെ നിരന്തരം പുതുക്കപ്പെടുന്ന ഒരു ഉത്സവം.
എന്നിട്ടും മാർച്ച് എട്ട് വരുമ്പോൾ ലോകം ഒന്നു നിമിഷം നിൽക്കുന്നു. ആ നിമിഷത്തിൽ നമ്മൾ സ്ത്രീകളെ ഓർക്കുന്നു. ആ ഓർമ്മയിൽ ഒരുവിധ കടപ്പാടുണ്ട് — മനുഷ്യചരിത്രം സ്ത്രീയോട് വാങ്ങിയിട്ടും തിരിച്ചു കൊടുക്കാൻ മറന്ന ഒരു വലിയ കടപ്പാട്. അതോടൊപ്പം ഒരു കുറ്റബോധവും — നൂറ്റാണ്ടുകളോളം അവരെ പിന്നിലാക്കി നിർത്തിയ ലോകത്തിന്റെ കുറ്റബോധം.
ചരിത്രം തുടങ്ങുന്നത് ഒരു പണിമുടക്കിൽ നിന്ന് 1908-ൽ അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ തെരുവുകളിൽ പതിനയ്യായിരത്തോളം തൊഴിലാളി സ്ത്രീകൾ പ്രതിഷേധിച്ചു.
കൂലി കുറവ്, പണിസമയം അധികം, വോട്ടവകാശമില്ല — അവരുടെ ജീവിതം അനീതിയുടെ ചുറ്റുപാടിൽ കുടുങ്ങിയിരുന്നു.
അവരുടെ ശബ്ദം ചെറിയതായിരുന്നു, പക്ഷേ അതിൽ ചരിത്രം ഉണ്ടായിരുന്നു.
ആ ശബ്ദം ലോകം കേട്ടു.
1910-ൽ കോപ്പൻഹേഗനിൽ നടന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് വനിതാ സമ്മേളനത്തിൽ ജർമ്മൻ നേതാവ് ക്ലാര സെറ്റ്കിൻ ഒരു നിർദ്ദേശം മുന്നോട്ടുവച്ചു — ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് വേണ്ടി ഒരു പ്രത്യേക ദിനം വേണം എന്ന്.
വർഷങ്ങൾക്കു ശേഷം 1975-ൽ ഐക്യരാഷ്ട്രസഭ മാർച്ച് 8-നെ അന്താരാഷ്ട്ര വനിതാദിനം ആയി ഔദ്യോഗികമായി അംഗീകരിച്ചു.
ഒരു പണിമുടക്കിൽ നിന്ന് തുടങ്ങിയ ദിവസം — ഇന്ന് ലോകം മുഴുവൻ ആഘോഷിക്കുന്ന ഒരു ദിനമായി മാറി.
കേരളത്തിന്റെ സ്ത്രീ
നമ്മുടെ സ്വന്തം ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അതിലും ശക്തമായ കഥകൾ കാണാം.
ചാന്നാർ ലഹളയിൽ ശരീരത്തിന് മാന്യത വേണമെന്നാവശ്യപ്പെട്ട് പൊരുതിയ സ്ത്രീകൾ.
ക്ഷേത്രപ്രവേശനത്തിനും വിദ്യാഭ്യാസത്തിനും സമത്വത്തിനും വേണ്ടി തെരുവിലിറങ്ങിയ സ്ത്രീകൾ.
അക്കമ്മ ചെറിയാൻ, ആനി മസ്‌ക്രീൻ, കെ. ആർ. ഗൗരിയമ്മ — ഈ പേരുകൾ പറയുമ്പോൾ നമ്മൾ കേൾക്കുന്നത് ചരിത്രത്തിന്റെ ശബ്ദമാണ്.
സ്ത്രീകൾക്ക് അവകാശങ്ങൾ കിട്ടിയതല്ല.
അവ അവർ നേടിയെടുത്തതാണ്.
ഇന്ന് എവിടെ നിൽക്കുന്നു?
ഇന്ന് സ്ത്രീകൾ ലോകത്തിന്റെ എല്ലാ മേഖലയിലും മുന്നിലാണ്.
ചന്ദ്രനിലേക്കുള്ള ദൗത്യങ്ങളിൽ ശാസ്ത്രജ്ഞരായി,
ലോകപ്രശസ്ത സർവകലാശാലകളിൽ ഗവേഷകരായി,
ന്യായത്തിന്റെ വേദികളിൽ ജഡ്ജിമാരായി,
രാജ്യങ്ങളുടെ ഭരണത്തിൽ നേതാക്കളായി.
ഇത് ഒരു സത്യം ഓർമ്മിപ്പിക്കുന്നു —
സ്ത്രീ ഒരിക്കലും ദുർബലയായിരുന്നില്ല.
ദുർബലയാക്കപ്പെടുകയായിരുന്നു.
എന്നിട്ടും ഇന്നും ഒരു സത്യമാണ് നിലനിൽക്കുന്നത്.
ഓഫീസ് അവസാനിച്ചാലും സ്ത്രീയുടെ ജോലി അവസാനിക്കുന്നില്ല.
വീട്ടിൽ മറ്റൊരു ജോലി കാത്തിരിക്കുന്നു — അടുക്കള, കുട്ടികൾ, കുടുംബം.
ശമ്പളപ്പട്ടികയിൽ ഇടം കിട്ടാത്ത ആ ജോലിക്ക് ഇന്നും ലോകം ഒരു പേര് നൽകാൻ പോലും മടിക്കുന്നു.
ആഘോഷം മാത്രം മതിയോ?
പൂക്കൾ കൊടുക്കാം.
ആദരവുകൾ പറയാം.
സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ എഴുതാം.
പക്ഷേ ബസ്സിൽ ഒരു സ്ത്രീ ഒറ്റയ്ക്ക് നിൽക്കുമ്പോൾ അവളെ അസ്വസ്ഥമാക്കുന്ന നോട്ടങ്ങൾ മാറിയില്ലെങ്കിൽ —
രാത്രിയിൽ ഒരു പെൺകുട്ടി വഴിയിലൂടെ നടക്കുമ്പോൾ അവൾക്ക് ഭയം തോന്നുന്ന ലോകം മാറിയില്ലെങ്കിൽ —
ആ ആഘോഷം വെറും ആഘോഷം മാത്രമാണ്.
ഒരു ദിവസം ആദരിച്ച്
മറ്റു മുന്നൂറ്ററുപത്തിനാലു ദിവസവും മറക്കുന്ന ആദരം യഥാർത്ഥ ആദരമല്ല.
വനിതാദിനത്തിന്റെ യഥാർത്ഥ പ്രസക്തി
മാർച്ച് എട്ട് ഒരു ആഘോഷം മാത്രമല്ല.
ഒരു ഓർമ്മപ്പെടുത്തലാണ്.
സ്ത്രീകൾക്ക് ലഭിച്ച അവകാശങ്ങൾ എത്ര വലിയ പോരാട്ടങ്ങളിലൂടെ വന്നതാണെന്ന് ഓർമ്മപ്പെടുത്തുന്ന ദിവസം.
ഇനിയും സമത്വം പൂർത്തിയാകാത്ത ഒരു ലോകം നമ്മൾ ജീവിക്കുന്നുവെന്ന് ഓർമ്മിപ്പിക്കുന്ന ദിവസം.
അതുകൊണ്ടാണ് വനിതാദിനം ആഘോഷിക്കുന്നതിന്റെ പ്രസക്തി.
അത് ഒരു ദിവസം സ്ത്രീയെ പൂക്കളാൽ ആദരിക്കാൻ വേണ്ടിയല്ല —
അവളുടെ സ്വപ്നങ്ങൾക്ക് വഴിയൊരുക്കാൻ വേണ്ടിയാണ്.
ഓർമ്മയിൽ വേണം
ഈ ഭൂമിക്ക് ആദ്യമായി ജ്ഞാനം പകർന്നത് ഒരമ്മയുടെ ചുണ്ടിൽ നിന്നാണ്.
ആദ്യ കൃഷി ചെയ്തത് ഒരു സ്ത്രീയുടെ കൈകളാണ്.
മനുഷ്യജീവിതത്തിന്റെ ആദ്യ പാഠം പഠിപ്പിച്ചത് ഒരു അമ്മയുടെ കണ്ണുകളാണ്.
ചരിത്രത്തിലെ ആദ്യ കണ്ടെത്തലുകളിലും ഒരു സ്ത്രീ ഉണ്ടായിരുന്നു.
പക്ഷേ ചരിത്രം ആ പേര് എഴുതാൻ മറന്നു.
മാർച്ച് എട്ട് നമ്മെ ഓർമ്മിപ്പിക്കുന്നത് അതാണ്
ചരിത്രം തിരുത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
ഇനി ഭാവി ശരിയാക്കേണ്ട സമയമാണ്.

സിജു ജേക്കബ്
എഴുത്തുകാരൻ | സഞ്ചാരി

