തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിലിന്റെ (WMC) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ആർദ്രം 2026’ സംഗമം ഫെബ്രുവരി 25-ന് തിരുവനന്തപുരത്ത് നടക്കും. മസ്കറ്റ് ഹോട്ടലിൽ ഉച്ചയ്ക്ക് 3 മണിക്കാണ് പരിപാടികൾ ആരംഭിക്കുന്നത്. കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
ആർദ്രം 2026′ സംഗമത്തിൽ വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ഗ്ലോബൽ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ ആരോഗ്യമേഖലയിലെ മികച്ച സേവനങ്ങളെ ആദരിക്കുന്ന ഹെൽത്ത് കെയർ എക്സലൻസ് അവാർഡുകളും ഭാവി നഴ്സുമാർക്കുള്ള സ്കോളർഷിപ്പുകളും വിതരണം ചെയ്യും.ഇതിനൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി വുമൺസ് ഫോറം നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാന കർമ്മവും നടക്കും. വൈകുന്നേരം സാംസ്കാരിക പരിപാടികളും വോക്കത്തോണും സംഘടിപ്പിച്ചിട്ടുണ്ട്. തുടർന്ന് ആഗോളതലത്തിലുള്ള മലയാളികൾ തമ്മിലുള്ള സൗഹൃദം പുതുക്കുന്നതിനും ആശയവിനിമയത്തിനുമായി ഫെലോഷിപ്പ് ആൻഡ് നെറ്റ്വർക്കിംഗ് സെഷനും ഡിന്നറും ഒരുക്കിയിരിക്കുന്നു.
വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികളായ തോമസ് മൊട്ടക്കൽ (ചെയർമാൻ), ഡോ. ബാബു സ്റ്റീഫൻ (പ്രസിഡന്റ്), ഷാജി മാത്യു (ജനറൽ സെക്രട്ടറി), സണ്ണി ജി. വെളിയത്ത് (ട്രഷറർ), ജെയിംസ് കൂടൽ (വൈസ് പ്രസിഡന്റ് – അഡ്മിൻ), ടി.പി. വിജയൻ (അഡ്വൈസറി ബോർഡ് ചെയർമാൻ) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. താൽപ്പര്യമുള്ളവർ സ്വന്തം പ്രൊവിൻസ് വഴി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു

