രാജ്യത്ത് പട്ടാളനിയമം കൊണ്ടുവരാന്‍ ശ്രമിച്ചു; ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റിന് തടവ് ശിക്ഷ

ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് യൂണ്‍ സുക് യോളിനെ (Yoon Suk Yeol) അഞ്ച് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. 2026 ജനുവരി 16-ന് സിയോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ട് കോടതിയാണ് ഈ ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്.

2024 ഡിസംബറില്‍ രാജ്യത്ത് പട്ടാളനിയമം (Martial Law) ഏര്‍പ്പെടുത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട എട്ട് ക്രിമിനല്‍ കേസുകളില്‍ ആദ്യത്തേതിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.അഞ്ച് വര്‍ഷമാണ് തടവ് ശിക്ഷ.അറസ്റ്റ് വാറന്റ് തടയാന്‍ ശ്രമിച്ചു, ഔദ്യോഗിക രേഖകളില്‍ തിരിമറി നടത്തി, മന്ത്രിസഭാ യോഗം നിയമവിരുദ്ധമായി ഒഴിവാക്കി തുടങ്ങിയ കുറ്റങ്ങള്‍ കോടതി ശരിവെച്ചു.

പ്രസിഡന്റ് എന്ന പദവി വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കും സുരക്ഷയ്ക്കുമായി യൂണ്‍ സുക് യോള്‍ ദുരുപയോഗം ചെയ്തുവെന്ന് ജഡ്ജി ബെയ്ക് ഡേ ഹ്യുന്‍ നിരീക്ഷിച്ചു. ഭരണഘടനയെയും രാജ്യത്തെ നിയമവ്യവസ്ഥയെയും അദ്ദേഹം അവഹേളിച്ചതായും കോടതി കുറ്റപ്പെടുത്തി.ഇന്ന് പ്രഖ്യാപിച്ച ശിക്ഷയ്ക്ക് പുറമെ, ‘രാജ്യദ്രോഹം’ (Insurrection) ഉള്‍പ്പെടെയുള്ള കൂടുതല്‍ ഗുരുതരമായ കേസുകള്‍ അദ്ദേഹത്തിനെതിരെ നിലവിലുണ്ട്.രാജ്യദ്രോഹ കേസില്‍ യൂണ്‍ സുക് യോളിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഈ കേസിലെ വിധി ഫെബ്രുവരി 19-ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2024 ഡിസംബര്‍ 3-ന് അപ്രതീക്ഷിതമായാണ് യൂണ്‍ സുക് യോള്‍ രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചത്.എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പാര്‍ലമെന്റ് ഇത് വോട്ടിംഗിലൂടെ റദ്ദാക്കി. ഇതിനെത്തുടര്‍ന്ന് അദ്ദേഹം ഇംപീച്ച് ചെയ്യപ്പെടുകയും അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുകയുമായിരുന്നു.ദക്ഷിണ കൊറിയയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ പ്രസിഡന്റിന് രാജ്യദ്രോഹക്കുറ്റത്തിന് വധശിക്ഷാ ഭീഷണി നേരിടേണ്ടി വരുന്നത്

Leave a Reply

Your email address will not be published. Required fields are marked *