മോഷ്‌ടിച്ച കാറിടിച്ച് രണ്ട് കാൽനടയാത്രക്കാർക്ക് പരിക്ക്; മദ്യപിച്ച് വാഹനമോടിച്ച യുവാവ് പിടിയിൽ

ഗോൾഡ് കോസ്റ്റ്: മോഷ്‌ടിച്ച കാറുമായി അമിതവേഗതയിൽ പാഞ്ഞെത്തിയ യുവാവ് കാൽനടയാത്രക്കാരായ രണ്ട് സ്ത്രീകളെ ഇടിച്ചുതെറിപ്പിച്ചു. ഞായറാഴ്ച രാവിലെ 9.15-ഓടെ ഗോൾഡ് കോസ്റ്റ് ഹൈവേയിലെ മെർമെയ്ഡ് ബീച്ചിന് സമീപമുള്ള മർക്കേറി സ്ട്രീറ്റ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. 32-കാരനായ പ്രതിയോടിച്ച വാഹനം ഇടിച്ച് 57-ഉം 23-ഉം വയസ്സുള്ള രണ്ട് സ്ത്രീകൾക്കാണ് പരിക്കേറ്റത്.

അപകടത്തിന് പിന്നാലെ നിർത്താതെ പോയ വാഹനം പിന്നീട് ബ്രോഡ്‌ബീച്ച് വാട്ടേഴ്സിലെ ഒരു ഷോപ്പിംഗ് സെന്ററിൽ നിന്നാണ് പോലീസ് കണ്ടെടുത്തത്. പ്രതിയെ ഉടൻ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകുന്നേരം വൂള്ളൂൻഗബ്ബയിൽ (Woolloongabba) നിന്ന് മോഷ്‌ടിച്ചതായിരുന്നു ഈ വാഹനം.

പരിക്കേറ്റ മുതിർന്ന സ്ത്രീക്ക് നട്ടെല്ലിനും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. 23-കാരിക്ക് ഇടുപ്പിനാണ് (pelvic) പരിക്കേറ്റത്. ഇരുവരെയും ഗോൾഡ് കോസ്റ്റ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിനും, അനുവാദമില്ലാതെ വാഹനം കൈവശം വെച്ചതിനുമടക്കം നിരവധി കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസ് പോലീസ് സസ്പെൻഡ് ചെയ്തു. ഇയാളെ തിങ്കളാഴ്ച സൗത്ത്പോർട്ട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *