ബുഡാപെസ്റ്റ്: കിഴക്കൻ ഹംഗറിയിൽ പോളണ്ടിൽ രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. 10 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെയാണ് മെസോക്കെറെസ്റ്റെസ് നഗരത്തിന് സമീപം എം3 മോട്ടോർവേയിൽ അപകടമുണ്ടായത്.
നൈറെജിഹാസയിലേക്ക് പോകുകയായിരുന്ന ബസ് റോഡിൽനിന്ന് തെന്നിമാറി സമീപത്തെ കുഴിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 57 യാത്രക്കാരും രണ്ട് ഡ്രൈവർമാരുമാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും പോളിഷ് പൗരന്മാരാണെന്നാണ് റിപ്പോർട്ട്.
പ്രാഥമിക അന്വേഷണത്തിൽ ഡ്രൈവർ ഉറങ്ങിപ്പോയതാകാം ബസിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് ഹംഗറി പൊലീസ് സംശയിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്തിമ കാരണം അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.
അപകടത്തിൽ ബസ് പൂർണമായും തകർന്ന നിലയിലായിരുന്നു. ജനലുകൾ തകർന്നതും യാത്രക്കാരുടെ സാധനങ്ങൾ റോഡരികിൽ ചിതറിക്കിടന്നതും അപകടത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകി.
പോളിഷ് വിദേശകാര്യ മന്ത്രാലയം ഹംഗേറിയൻ അധികൃതരുമായി ഏകോപനം നടത്തിവരികയാണ്. ഹംഗേറിയൻ പ്രധാനമന്ത്രി പീറ്റർ മഗ്യാറും പോളിഷ് പ്രസിഡന്റ് കരോൾ നവ്റോത്സ്കിയും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.

