മാറാടി ഓണിയേലിവയൽ കടവിൽ ഒന്നര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

മൂവാറ്റുപുഴ: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ജനകീയസൂത്രണം 2026-27 പദ്ധതിയിൽ ഉൾപ്പെടുത്തി മാറാടി ഗ്രാമപഞ്ചായത്തിലെ ഓണിയേലിവയൽ കടവിൽ ഒന്നര ലക്ഷം കാർപ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്തിന്റെ ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഭൂതത്താൻകെട്ട് ഹാച്ചറിയിൽ നിന്നാണ് മത്സ്യക്കുഞ്ഞുങ്ങളെ എത്തിച്ചത്.

പൊതു ജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർധിപ്പിക്കാനും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും പ്രാദേശിക മത്സ്യകർഷകർക്കും ഉപജീവന സഹായം ഉറപ്പാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലയിലെ വിവിധ പൊതു ജലാശയങ്ങളിലായി ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ ഭാഗമായാണ് മാറാടിയിലും പദ്ധതി നടപ്പാക്കിയതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ (മേഖല) വി. സിന്ധു വ്യക്തമാക്കി.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം മാത്യൂസ് വർക്കി അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെജി ഷാനവാസ് മുഖ്യാതിഥിയായിരുന്നു. മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാന്റി എബ്രഹാം സ്വാഗതം ആശംസിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ രാമകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിൽസൺ ജോസ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർമാരായ എൻ. അഭിരാമി, രേഷ്മ ആർ. നായർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *