സിഡ്നി: സിഡ്നിയിലെ ബ്ലാക്ക്ടൗൺ വെസ്റ്റ് പബ്ലിക് സ്കൂളിന് സമീപമുണ്ടായ സംഘർഷത്തിൽ പതിനേഴുകാരിക്ക് ഒന്നിലധികം തവണ കുത്തേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ ആറുപേരടങ്ങുന്ന സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
ഗുരുതരമായി പരിക്കേറ്റ 17 വയസ്സുകാരി സഹായം തേടി സമീപത്തെ സ്കൂൾ വളപ്പിലേക്ക് ഓടിക്കയറുകയായിരുന്നു. പെൺകുട്ടി ഈ സ്കൂളിലെ വിദ്യാർത്ഥിനിയല്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് 15-ഉം 17-ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനത്തിൽ നിന്ന് ആക്രമണത്തിന് ഉപയോഗിച്ച കത്തി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഗുരുതരമായ പരിക്കേൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണം, പൊതുസ്ഥലത്ത് സംഘർഷമുണ്ടാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട പതിനേഴുകാരിയായ പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചു. പതിനഞ്ചുകാരിക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ജനവാസമേഖലകളിലും പൊതുസ്ഥലങ്ങളിലും പട്ടാപ്പകൽ നടക്കുന്ന ഇത്തരം അക്രമങ്ങളും യുവാക്കൾക്കിടയിലെ കത്തിയുപയോഗവും ഓസ്ട്രേലിയയിൽ കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

