ഒരാഴ്ചയോളം കൊടുംകാട്ടിൽ കുടുങ്ങിയ 17-കാരനെ ജീവനോടെ കണ്ടെത്തി

മെൽബൺ: വിക്ടോറിയയിലെ കൊടുംകാട്ടിൽ കാണാതായി ഒരാഴ്ചയോളം പിന്നിട്ടതിന് ശേഷം 17-കാരനെ ജീവനോടെ കണ്ടെത്തി. മെൽബണിൽ നിന്ന് 130 കിലോമീറ്റർ കിഴക്കുള്ള വാൽഹല്ലയ്ക്ക് സമീപമുള്ള അരുവിയിൽ കിടക്കുന്ന നിലയിലാണ് വില്യം എന്ന 17-കാരനെ വ്യാഴാഴ്ച രാവിലെ പൊലീസ് എയർ വിംഗ് സംഘം കണ്ടെത്തിയത്. ഹെലികോപ്റ്റർ വഴി തിരച്ചിൽ നടത്തുന്നതിനിടെയാണ് രക്ഷാപ്രവർത്തകർ കുട്ടിയെ കണ്ടെത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച വാൽഹല്ലയ്ക്ക് സമീപമുള്ള ക്യാമ്പിൽ നിന്ന് വഴിതെറ്റിപ്പോയ വില്യമിനെ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. ആകാശമാർഗ്ഗം കുട്ടിയെ കണ്ടെത്തിയ ഉടൻ തന്നെ ഉദ്യോഗസ്ഥർ വിഞ്ച് ഉപയോഗിച്ച് താഴേക്കിറങ്ങി രക്ഷപ്പെടുത്തുകയും അമ്മ എലിസബത്തിന്റെ അടുത്തേക്ക് എത്തിക്കുകയുമായിരുന്നു. പൊലീസ് ഹെലികോപ്റ്ററിനുള്ളിൽ ഇരുന്ന വില്യം അമ്മയെ കണ്ടയുടൻ പുഞ്ചിരിക്കുകയും ഇരുവരും വൈകാരികമായി ആലിംഗനം ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങൾ വിക്ടോറിയ പൊലീസ് പുറത്തുവിട്ടു. “ഞാൻ അതീവ സന്തോഷത്തിലാണ്, അവൻ ജീവനോടെയുണ്ട്. അവൻ ഇനി ഒരിക്കലും വീടുവിട്ട് പുറത്തേക്ക് പോകില്ല,” എന്ന് എലിസബത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ആരോഗ്യനില നിരീക്ഷിക്കുന്നതിനായി വില്യമിനെ ആശുപത്രിയിലേക്ക് മാറ്റി.

സുഹൃത്തിനൊപ്പം വാരാന്ത്യത്തിൽ ക്യാമ്പിംഗിനായി വെള്ളിയാഴ്ചയാണ് അമ്മ വില്യമിനെ ഇവിടെ കൊണ്ടുവിട്ടത്. കൂടുതൽ ക്യാമ്പിംഗ് സാധനങ്ങൾ എടുക്കുന്നതിനായി ഇറങ്ങിയ സ്ഥലത്തേക്ക് തിരികെ നടന്ന വില്യം പിന്നീട് തിരിച്ചെത്തിയില്ല. സുഹൃത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാണാതാകുമ്പോൾ ഷോർട്ട്സും വർക്ക് ബൂട്ടുകളും മാത്രമായിരുന്നു വില്യമിന്റെ വേഷം. മൊബൈൽ ഫോണും ഭക്ഷണവും വെള്ളവും ക്യാമ്പിൽ ഉപേക്ഷിച്ച നിലയിലായിരുന്നു.

നവംബർ ആറിന് വൈകുന്നേരം നാല് മണിയോടെ കൗവാറിനും വാൽഹല്ലയ്ക്കും ഇടയിലുള്ള സ്റ്റോണി ക്രീക്ക് റോഡിന് സമീപമാണ് കുട്ടിയെ അവസാനമായി കണ്ടത്. തിരച്ചിൽ നടക്കുന്ന മേഖലയിൽ നിന്ന് ഒരു ഹണ്ടിംഗ് ക്യാമറ കണ്ടെത്തിയതിനെത്തുടർന്ന് വേട്ടക്കാരോടും ക്യാമ്പർമാരോടും സ്ഥലമുടമകളോടും വിവരങ്ങൾ കൈമാറാൻ അന്വേഷണ ഉദ്യോഗസ്ഥർ ബുധനാഴ്ച അഭ്യർത്ഥിച്ചിരുന്നു. ഡോഗ് സ്ക്വാഡും റെസ്ക്യൂ സ്ക്വാഡും ഉൾപ്പെടെയുള്ള അടിയന്തര രക്ഷാപ്രവർത്തകർ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഈ കൊടുംകാട്ടിൽ വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *