അഡ്‌ലെയ്ഡിൽ 268 പുതിയ ഏജ്ഡ് കെയർ ബെഡുകൾ; 134.5 മില്യൺ ഡോളറിന്റെ ബൃഹത് പദ്ധതി പ്രഖ്യാപിച്ചു

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയിലെ മുതിർന്ന പൗരന്മാർക്ക് മികച്ച പരിചരണവും ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി അഡ്‌ലെയ്ഡിൽ 268 പുതിയ ഏജ്ഡ് കെയർ ബെഡുകൾ നിർമ്മിക്കുന്നു. പദ്ധതിക്കായി 134.5 മില്യൺ ഡോളറിന്റെ വൻ നിക്ഷേപമാണ് പ്രഖ്യാപിച്ചത്. ഫെഡറൽ സർക്കാരിന്റെ 34.5 മില്യൺ ഡോളർ ഗ്രാന്റും സേവനദാതാക്കളുടെ നിക്ഷേപവും ഉൾപ്പെടെയാണ് ഈ തുക തുക കണ്ടെത്തുത്.

ഏജ്ഡ് കെയർ ക്യാപിറ്റൽ അസിസ്റ്റൻസ് പ്രോഗ്രാമിലൂടെ (ACCAP) അഡ്‌ലെയ്ഡിലെ പ്രധാനപ്പെട്ട അഞ്ച് കേന്ദ്രങ്ങളിലാണ് പുതിയ പദ്ധതികൾ നടപ്പിലാക്കുന്നത്. ഡിമെൻഷ്യ ഉൾപ്പെടെയുള്ള സങ്കീർണ്ണ രോഗങ്ങൾക്ക് പരിചരണം ആവശ്യമായി വരുന്ന മുതിർന്ന പൗരന്മാർക്ക് ഇത് വലിയ ആശ്വാസമാകും.

പുതിയ ബെഡുകൾ ഒരുങ്ങുന്ന കേന്ദ്രങ്ങൾ:

ഡോവർ ഗാർഡൻസ് (ACH Group): പദ്ധതിയിലെ ഏറ്റവും വലിയ വികസനം ഇവിടെയാണ് നടക്കുന്നത്. 17.6 മില്യൺ ഡോളർ ചെലവിൽ 150 പുതിയ ബെഡുകളാണ് ഇവിടെ പുതിയതായി നിർമ്മിക്കുന്നത്.

പാരഡൈസ് (Amber Aged Care): 48 ബെഡുകൾ അധികമായി ഒരുക്കും.

സാൽസ്ബറി (Estia Health): 43 ബെഡുകളുടെ വികസനം നടപ്പാക്കും.

കിങ്സ് പാർക്ക് (Pennwood): 20 ബെഡുകൾ നവീകരിച്ച് നൽകും.

ലോക്ക്‌ലെയ്‌സ് (St Raphael’s Home): 7 ബെഡുകൾ നവീകരിക്കും.

ഏജ്ഡ് കെയർ കേന്ദ്രങ്ങളിൽ ഒഴിവില്ലാത്തതിനെ തുടർന്ന് സൗത്ത് ഓസ്‌ട്രേലിയയിലെ വിവിധ ആശുപത്രികളിൽ 453 മുതിർന്ന പൗരന്മാർ ചികിത്സയിൽ തുടരേണ്ടി വരുന്നുണ്ടെന്ന് എസ്.എ ആക്ടിങ് ആരോഗ്യ മന്ത്രി ക്രിസ് പിക്റ്റൺ പറഞ്ഞു. ആശുപത്രികളിലെ രോഗികളുടെ തിരക്ക് കുറയ്ക്കാനും മുതിർന്നവർക്ക് വേഗത്തിൽ മികച്ച പരിചരണം ലഭ്യമാക്കാനും പദ്ധതി സഹായിക്കും. ഇതിനുപുറമെ, ഏജ്ഡ് കെയർ മേഖലയിലെ വികസനം വേഗത്തിലാക്കാൻ സ്വകാര്യ മേഖലയ്ക്കായി 250 മില്യൺ ഡോളറിന്റെ പലിശരഹിത വായ്പാ പദ്ധതിയും സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *