286 ദിവസം തുടർച്ചയായി കടലിൽ; യുഎസ് നാവികസേനാംഗങ്ങളുടെ എട്ട് ആത്മഹത്യാശ്രമങ്ങൾ

വാഷിങ്ടൺ: യുഎസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പെട്ട കേരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ 286 ദിവസം നീണ്ട തുടർച്ചയായ കടൽദൗത്യത്തിനിടെ എട്ട് ആത്മഹത്യാശ്രമങ്ങൾ നടന്നതായി നാവികസേന. സെനറ്റർ കിർസ്റ്റൻ ഗില്ലിബ്രാൻഡിന്റെ ചോദ്യങ്ങൾക്ക് ആക്ടിങ് നേവി സെക്രട്ടറി ഹംഗ് കാവോ നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലിങ്കൺ കപ്പൽ, അതിന്റെ വ്യോമവിംഗ്, സ്ട്രൈക്ക് ഗ്രൂപ്പ്, ഡിസ്‌ട്രോയർ സ്ക്വാഡ്രൺ, അകമ്പടി കപ്പലുകൾ എന്നിവയിലെ ജീവനക്കാരെയാണ് കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംഭവങ്ങളിൽ ആരും ആത്മഹത്യ ചെയ്തിട്ടില്ലെന്നും കത്തിൽ പറയുന്നു. എട്ട് ശ്രമങ്ങളിൽ എത്ര പേർ ഉൾപ്പെട്ടിരുന്നുവെന്ന് വ്യക്തമായിട്ടില്ല.

മാർച്ചിൽ ഒരു നാവികൻ കടലിലേക്ക് ചാടാൻ ശ്രമിച്ചെങ്കിലും സഹപ്രവർത്തകർ തടഞ്ഞിരുന്നു. ഓഗസ്റ്റിൽ മറ്റൊരു നാവികൻ കപ്പലിൽനിന്ന് കടലിലേക്ക് വീണതിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിലൂടെ കണ്ടെത്തി തുടർ ചികിത്സയ്ക്കായി കപ്പലിൽനിന്ന് മാറ്റി.

സാധാരണയായി യുഎസ് നാവികസേനയുടെ ദൗത്യങ്ങൾ ആറ് മുതൽ ഒൻപത് മാസം വരെ നീളാറുണ്ട്. എന്നാൽ ഇറാനെതിരായ യുദ്ധവുമായി ബന്ധപ്പെട്ട് ലിങ്കണിന്റെ ദൗത്യം നീട്ടുകയായിരുന്നു. സെപ്റ്റംബർ രണ്ടിന് 286 ദിവസത്തെ കടൽദൗത്യത്തിന് ശേഷം കപ്പൽ തായ്‌ലൻഡിലെ ലാം ചബാങ് തുറമുഖത്ത് എത്തിയിരുന്നു.

സൈനികരുടെ മാനസികാരോഗ്യവും ദീർഘകാല ദൗത്യത്തിനിടയിലെ സാഹചര്യങ്ങളും സംബന്ധിച്ച് നേരത്തെ തന്നെ ആശങ്കകൾ ഉയർന്നിരുന്നു. അതേസമയം, എട്ട് ആത്മഹത്യാശ്രമങ്ങളുടെ എണ്ണം ദീർഘകാല ദൗത്യവുമായി താരതമ്യം ചെയ്യുമ്പോൾ അസാധാരണമല്ലെന്നാണ് ഒരു നാവികസേനാ ഉദ്യോഗസ്ഥൻ എബിസി ന്യൂസിനോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *