മനാമ: ഇറാന്റെ വിപ്ലവ ഗാർഡ് സേനയായ ഐആർജിസിയുമായി ബന്ധമുണ്ടെന്നാരോപിച്ച് 41 പേരെ ബഹ്റൈൻ അറസ്റ്റ് ചെയ്തു. ചാരപ്രവർത്തനത്തിനും വിദേശ ഇടപെടലുകൾക്കുമായി പ്രവർത്തിച്ച സംഘത്തിലെ അംഗങ്ങളെയാണ് പിടികൂടിയതെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു
മത, വിദ്യാഭ്യാസ, മാധ്യമ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് രാജ്യത്തിന്റെ ദേശീയ സുരക്ഷ തകർക്കാൻ സംഘം ശ്രമിച്ചുവെന്നും അന്വേഷണത്തിൽ വ്യക്തമായതായി മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
യുഎസ്-ഇസ്രയേൽ സഖ്യം ഇറാനെതിരേ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ, ബഹ്റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബഹ്റൈനിൽ സുരക്ഷാ നടപടികൾ ശക്തമാക്കുകയും അറസ്റ്റുകൾ നടക്കുകയും ചെയ്തത്.

