വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷകൾക്ക് 43 മില്യൺ ഡോളർ; വീണ്ടും അവഗണിക്കപ്പെട്ട് മലയാളം

മെൽബൺ: വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷകൾ ഓൺലൈനായി പഠിപ്പിക്കുന്നതിന് 43 മില്യൺ ഡോളറിന്റെ വൻ പദ്ധതി പ്രഖ്യാപിച്ച് ഭരണകക്ഷിയായ ലേബർ പാർട്ടി രംഗത്തെത്തിയെങ്കിലും, പതിനായിരക്കണക്കിന് മലയാളികൾ തിങ്ങിപ്പാർക്കുന്ന സംസ്ഥാനത്ത് മലയാള ഭാഷ വീണ്ടും പൂർണ്ണമായി തഴയപ്പെട്ടു. നവംബർ 28-ന് നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രീമിയർ ബെൻ കാരൾ പ്രഖ്യാപിച്ച പദ്ധതിയിൽ ഹിന്ദി, പഞ്ചാബി, ബംഗാളി, തമിഴ് തുടങ്ങിയ ഭാഷകൾ ഉൾപ്പെട്ടപ്പോൾ മലയാളം പട്ടികയിൽ നിന്ന് പുറത്തായി.

വിക്ടോറിയൻ സ്കൂൾ ഓഫ് ലാംഗ്വേജസ് വഴി നിലവിൽ 17 വി.സി.ഇ (VCE – വിക്ടോറിയൻ സർട്ടിഫിക്കറ്റ് ഓഫ് എജ്യുക്കേഷൻ) ഭാഷകളാണ് ഓൺലൈനായി പഠിപ്പിക്കുന്നത്. ലേബർ സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ 2028 മുതൽ ഇത് 44 ആധുനിക വി.സി.ഇ ഭാഷകളിലേക്ക് വിപുലീകരിക്കുമെന്നും സംസ്കൃതം ഉൾപ്പെടുത്തുന്നത് പരിഗണിക്കുമെന്നുമാണ് പ്രീമിയറുടെ പ്രഖ്യാപനം. സ്കൂളുകളിൽ നേരിട്ട് പഠനസൗകര്യമില്ലെങ്കിലും വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് ഓൺലൈനായി ഈ ഭാഷകൾ പഠിക്കാം. നിലവിൽ പതിനാറായിരത്തിലധികം വിദ്യാർത്ഥികൾ സംസ്ഥാനത്ത് വി.സി.ഇ ഭാഷകൾ പഠിക്കുന്നുണ്ട്.

എന്നാൽ പുതിയ പ്രഖ്യാപനം നിലവിലുള്ള വി.സി.ഇ ഭാഷകൾക്ക് മാത്രമായി നിജപ്പെടുത്തിയതാണ് മലയാളത്തിന് തിരിച്ചടിയായത്. മലയാളം ഇതുവരെ ഒരു വി.സി.ഇ വിഷയമായി അംഗീകരിക്കപ്പെടാത്തതിനാൽ 2028-ലെ വിപുലീകരണത്തിലും മലയാളം ഉൾപ്പെടില്ല. നിലവിൽ ഫൗണ്ടേഷൻ മുതൽ പത്താം ക്ലാസ് വരെ വി.എസ്.എൽ വഴി മലയാളം പഠിക്കാൻ സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ സൗകര്യമുണ്ട്. എന്നാൽ പതിനൊന്നാം ക്ലാസിലേക്ക് എത്തുമ്പോൾ മലയാളം പഠനം പൂർണ്ണമായി നിർത്തേണ്ട ദുരവസ്ഥയിലാണ് മലയാളി വിദ്യാർത്ഥികൾ. പത്താം ക്ലാസ് വരെ പഠിച്ച മാതൃഭാഷ വി.സി.ഇ തലത്തിൽ ഒരു പ്രധാന വിഷയമായി തിരഞ്ഞെടുക്കാനോ ഭാഷാപഠനത്തിനുള്ള അക്കാദമിക് ആനുകൂല്യമായ ‘അറ്റാർ’ (ATAR) ബോണസ് നേടാനോ ഇവിടുത്തെ മലയാളി കുട്ടികൾക്ക് സാധിക്കുന്നില്ല.

ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വംശജർ താമസിക്കുന്ന സംസ്ഥാനമായിട്ടും മലയാളത്തോടുള്ള ഈ ചിറ്റമ്മനയം വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ഹിന്ദിയും പഞ്ചാബിയും വി.സി.ഇ തലം വരെ പഠിപ്പിക്കാൻ മൂന്ന് ബീക്കൺ സ്കൂളുകൾക്കായി സർക്കാർ നേരത്തെ 3.5 മില്യൺ ഡോളർ അനുവദിക്കുകയും അധ്യാപകരെ നിയമിക്കുകയും ചെയ്തിരുന്നു. കൂടാതെ തമിഴും ബംഗാളിയും നേരത്തെ തന്നെ വി.സി.ഇ വിഷയങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഇന്ത്യൻ ഭാഷകളിൽ പഞ്ചാബിക്കും ഹിന്ദിക്കും പിന്നിൽ മൂന്നാം സ്ഥാനത്തുള്ള മലയാളമാണ് വിക്ടോറിയയിൽ മാത്രം അവഗണിക്കപ്പെടുന്നത്. മുൻ സെൻസസ് പ്രകാരം തന്നെ സംസ്ഥാനത്ത് ഇരുപത്തയ്യായിരത്തിലേറെ പേർ മലയാളം സംസാരിക്കുന്നുണ്ട്. അടുത്തകാലത്ത് കുടിയേറ്റം വർധിച്ചതോടെ മലയാളികളുടെ ജനസംഖ്യ ഇരട്ടിയായി ഉയർന്നിട്ടുമുണ്ട്.

മലയാളം വി.സി.ഇ വിഷയമാക്കണമെന്നാവശ്യപ്പെട്ട് മലയാളി സമൂഹം മുൻപ് ഓൺലൈൻ ഹർജികളും വിക്ടോറിയൻ ലെജിസ്ലേറ്റീവ് കൗൺസിലിൽ ഇ-പെറ്റീഷനും സമർപ്പിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇന്ത്യൻ സമൂഹത്തിന്റെ വോട്ട് ലക്ഷ്യമിട്ട് ഭരണ-പ്രതിപക്ഷ പാർട്ടികൾ വാഗ്ദാനങ്ങൾ നൽകുന്ന ഈ വേളയിൽ, മലയാളത്തെ വി.സി.ഇയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ മലയാളി അസോസിയേഷനുകളും സംഘടനകളും രംഗത്തിറങ്ങണമെന്ന ആവശ്യം ശക്തമാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *