കാൻബെറ: ഹോഴ്സ് പാർക്ക് ഡ്രൈവിന് സമീപം ഫെഡറൽ ഹൈവേയിലൂടെ സൈക്കിൾ ചവിട്ടുകയായിരുന്ന 57-കാരൻ കാറിടിച്ച് മരിച്ചു. കുക്ക് സ്വദേശിയായ ഇദ്ദേഹം നവംബർ 19 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15-ഓടെയാണ് അപകടത്തിൽപ്പെട്ടത്. സൈക്കിൾ യാത്രികർക്കായി പ്രത്യേകം നീക്കിവെച്ച ബൈക്ക് ലെയ്‌നിലൂടെ സഞ്ചരിക്കുകയായിരുന്ന ഇദ്ദേഹത്തെ ചുവന്ന നിറത്തിലുള്ള കിയ കാർ ഇടിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ ദൃക്‌സാക്ഷികൾ പ്രഥമശുശ്രൂഷ നൽകിയെങ്കിലും ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. കാറോടിച്ചിരുന്ന ന്യൂ സൗത്ത് വെയിൽസിലെ സട്ടൺ സ്വദേശിനിയായ 19-കാരിയുടെ പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്.
ഈ വർഷം എ.സി.ടിയിൽ റിപ്പോർട്ട് ചെയ്യുന്ന പതിമൂന്നാമത്തെ റോഡപകട മരണമാണിത്. സമീപ മാസങ്ങളിൽ എ.സി.ടി റോഡുകളിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ സൈക്കിൾ യാത്രികനാണ് ഇദ്ദേഹം. കഴിഞ്ഞ ഓഗസ്റ്റിൽ പാമർസ്റ്റണിലെ ഗുംഗാഹ്ലിൻ ഡ്രൈവിൽ അഞ്ചംഗ സൈക്കിൾ യാത്രികരുടെ സംഘത്തിലേക്ക് കാർ ഇടിച്ചുകയറി ബ്രൈഡി ലീ (32), റയാൻ റീത്ത്മുള്ളർ (39) എന്നിവർ മരിച്ചിരുന്നു.
ഈ കേസിൽ മരണത്തിനിടയാക്കിയ അശ്രദ്ധമായ ഡ്രൈവിംഗിന് രണ്ട് കുറ്റങ്ങളും ശാരീരിക പരിക്കേൽപ്പിച്ചതിന് ഒരു കുറ്റവും ചുമത്തപ്പെട്ട ഡ്രൈവർ തി ഫുവോങ് എൻഗോക് എൻഗുയെൻ (40) താൻ കുറ്റക്കാരിയല്ലെന്ന് വാദിച്ചിരുന്നു. സൈക്കിൾ യാത്രികർ റോഡിൽ നേരിടുന്ന അപകടസാധ്യതയെ ‘റഷ്യൻ റൗലറ്റ്’ എന്ന ജീവൻമരണ കളിയോടാണ് ഡിറ്റക്ടീവ് ഇൻസ്പെക്ടർ മാർക്ക് സ്റ്റീൽ ഉപമിച്ചത്.

