സിഡ്നി: പ്രണയത്തിനും ദാമ്പത്യത്തിനും പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ച് ഓസ്ട്രേലിയൻ ദമ്പതികളായ മാൽ ഗ്രിംലിയും മാർജ് ഗ്രിംലിയും തങ്ങളുടെ 75-ാം വിവാഹവാർഷികം ആഘോഷിക്കുന്നു. 95 വയസ്സുകാരനായ മാലും 93 വയസ്സുകാരിയായ മാർജും 1951-ൽ സിഡ്നിയിൽ വെച്ചാണ് വിവാഹിതരായത്.
ചെറുപ്പകാലത്ത് ഒരു പ്രാദേശിക സിനിമാ തിയേറ്ററിൽ വെച്ചായിരുന്നു ഇരുവരുടെയും ആദ്യ സമാഗമം. ഒൻപത് മാസത്തോളം കാത്തിരുന്ന ശേഷമാണ് തങ്ങൾ ആദ്യമായി ചുംബിച്ചതെന്ന് ഇരുവരും ഓർത്തെടുക്കുന്നു. വിവാഹം നടക്കുമ്പോൾ മാർജിന് 18-ഉം മാലിന് 20-ഉം വയസ്സായിരുന്നു പ്രായം. അത്രയും ചെറുപ്പത്തിൽ തന്നെ പരസ്പരം കണ്ടെത്താൻ കഴിഞ്ഞത് ലോട്ടറിയടിച്ചതുപോലെയുള്ള ഭാഗ്യമായാണ് മാർജ് വിശേഷിപ്പിക്കുന്നത്. പരസ്പരം ക്ഷമയോടെ കേൾക്കുക, പങ്കാളിയുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കുക, എപ്പോഴും പരസ്പരം ദയവോടെ പെരുമാറുക എന്നിവയാണ് ഈ നീണ്ട ദാമ്പത്യം തങ്ങളെ പഠിപ്പിച്ച പ്രധാന പാഠങ്ങളെന്ന് ഇവരുടെ മകൾ വ്യക്തമാക്കുന്നു.
ആരോഗ്യപരമായ കാരണങ്ങളാൽ മാൽ അസിസ്റ്റഡ് ലിവിങ് കേന്ദ്രത്തിലേക്ക് മാറിയതോടെ, ജീവിതത്തിലാദ്യമായി ഇരുവരും ഇപ്പോൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ഒപ്പമുണ്ടായിരുന്ന ശേഷം പരസ്പരം അകന്നുനിൽക്കുന്നത് ഏറെ പ്രയാസകരമാണെന്ന് ദമ്പതികൾ പറയുന്നു. ദീർഘകാല ദാമ്പത്യ വിജയത്തിന്റെ രഹസ്യമെന്തെന്ന ചോദ്യത്തിന് “യെസ്, ഡിയർ” എന്ന് പറയുന്നതാണ് തന്റെ പ്രധാന രഹസ്യമെന്നാണ് മാൽ തമാശയോടെ പങ്കുവെക്കുന്നത്. സ്നേഹവും പരസ്പര വിശ്വാസവും നിറഞ്ഞ ഇവരുടെ അപൂർവ്വ പ്രണയകഥയ്ക്ക് സമൂഹമാധ്യമങ്ങളിലടക്കം വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.

