ജൊഹാനസ്ബർഗ്: 2027-ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ–പാകിസ്താൻ മത്സരത്തിന്റെ ടിക്കറ്റുകൾക്കായി ലഭിച്ചത് 83,97,294 അപേക്ഷകൾ. ജൊഹാനസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ ഒക്ടോബർ 10-ന് നടക്കുന്ന മത്സരത്തിനാണ് ഇത്രയധികം ആവശ്യക്കാരുള്ളത്. എന്നാൽ സ്റ്റേഡിയത്തിന്റെ പരമാവധി കാണികളുടെ ശേഷി 34,000 മാത്രമാണ്.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ടിക്കറ്റ് ബാലറ്റ് സംവിധാനത്തിലൂടെയാണ് അപേക്ഷകൾ ലഭിച്ചത്. ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മത്സരമായി ഇന്ത്യ–പാകിസ്താൻ പോരാട്ടം മാറി. നവംബർ 21-ന് ഇതേ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിന് 79,00,944 അപേക്ഷകളാണ് ലഭിച്ചത്. ആവശ്യക്കാരുടെ എണ്ണത്തിൽ ഫൈനലാണ് രണ്ടാം സ്ഥാനത്ത്.
ലോകകപ്പിന്റെ ടിക്കറ്റ് അപേക്ഷകൾക്കായി ആകെ 193 രാജ്യങ്ങളിൽനിന്നായി 28 ലക്ഷം ആരാധകരാണ് രജിസ്റ്റർ ചെയ്തത്. ടൂർണമെന്റിലെ വിവിധ മത്സരങ്ങൾക്കായി 12 കോടിയിലധികം ടിക്കറ്റ് അപേക്ഷകൾ ലഭിച്ചതായി ഐസിസി അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന 41 മത്സരങ്ങൾക്കായി മാത്രം 10.5 കോടിയിലധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ആതിഥേയരായ ദക്ഷിണാഫ്രിക്ക പങ്കെടുക്കുന്ന മത്സരങ്ങൾക്ക് ഏകദേശം 2.6 കോടി അപേക്ഷകളാണ് ലഭിച്ചത്.
2027 ഒക്ടോബർ 4 മുതൽ നവംബർ 21 വരെ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങളിലായാണ് ലോകകപ്പ് നടക്കുക. 14 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 12 വേദികളിലായി 57 മത്സരങ്ങളുണ്ടാകും. 2003-നുശേഷം ആദ്യമായാണ് ഏകദിന ലോകകപ്പ് ആഫ്രിക്കൻ മണ്ണിലെത്തുന്നത്.
ടിക്കറ്റ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസരം നവംബർ 21 വരെ തുടരും. ആവശ്യക്കാരുടെ എണ്ണം ലഭ്യമായ ടിക്കറ്റുകളെക്കാൾ കൂടുതലുള്ള മത്സരങ്ങളിൽ നറുക്കെടുപ്പിലൂടെയാകും ടിക്കറ്റ് വാങ്ങാനുള്ള അവസരം ലഭിക്കുന്നവരെ തിരഞ്ഞെടുക്കുക. അപേക്ഷ സമർപ്പിക്കുന്നതിന് പണം നൽകേണ്ടതില്ലെന്നും ഐസിസി വ്യക്തമാക്കിയിട്ടുണ്ട്.

