എന്റെ അച്ഛന്‍

കവിത

ഹൃദയപൂത്താലത്തില്‍ സ്‌നേഹ മധു തൂകുന്ന
പൂന്തേന്‍ കുഴമ്പന്റെ അച്ഛന്‍,
വാത്സല്യ പൂക്കളെന്‍ മനസ്സിന്റെ ചിപ്പിയില്‍
വാരി നിറച്ചതും അച്ഛന്‍.

സംരക്ഷണത്തിന്റെ കാവലായെന്നും
എന്നെ പൊതിഞ്ഞതും അച്ഛന്‍.
സ്‌നേഹത്തിന്‍ കരുതലും
ത്യാഗത്തിന്‍ പ്രഭയും
സാന്ത്വന ദീപ്തവും അച്ഛന്‍.

അകലെയായ് അച്ഛന്‍ പോയ് മറഞ്ഞെങ്കിലും,
അരികിലുണ്ടോര്‍മ്മകളിന്നും.
അച്ഛന്റെ ഓര്‍മ്മകള്‍ ഇന്നെന്റെ
ഉള്ളത്തില്‍ തുള്ളിക്കളിക്കുന്ന നേരം,
മനസ്സിന്റെ മൂകമാം വീഥിയില്‍
അച്ഛന്റെ തപ്ത നിശ്വാസവും കേട്ടു.

കൂടെ കളിക്കുവാന്‍ കൂട്ടുകാരില്ലെങ്കില്‍
കൂട്ടാളിയാകും എന്നച്ഛന്‍.
ചില നേരം പാഠങ്ങള്‍ ചൊല്ലി പഠിപ്പിക്കും
വാത്സല്യ ഗുരുവായി മാറും.

അച്ഛന്റെ കൈവിരല്‍ത്തുമ്പു പിടിച്ചു നടന്നു
ഞാനെത്രയോ കൗതുക ലോകങ്ങള്‍ കണ്ടൂ.
വിസ്മയമൂറുമാ കാഴ്ചകള്‍ കാണുമ്പോള്‍
സന്ദേഹമുള്ളില്‍ വിരിയും.

തെല്ലു ക്ഷമയോടെ ചേര്‍ത്തുപിടിച്ചെന്റെ,
ചോദ്യങ്ങള്‍ക്കുത്തരമേകും,അങ്ങിനെ
അറിവിന്നും അറിവായി നന്മ തന്‍ മരമായി
ഇന്നുമെന്നുള്ളില്‍ വിളങ്ങുമെന്നഛന്‍.

ശാഠ്യംപിടിച്ചു കരഞ്ഞാലൊരിക്കലും
ശാസിക്കാറില്ലെന്റെ അച്ഛന്‍.
ഉണ്മയാം കൈകളാല്‍ വാരിയെടുത്തിട്ടു
വാത്സല്യച്ചുംബനമേകും

അച്ഛന്റെ വാത്സല്യച്ചോറുരുള
കിട്ടുവാനൂഴം കാത്ത കാലം
അച്ഛന്റെ സ്‌നേഹ വാത്സല്യങ്ങളൊക്കെയും
വാരി നിറച്ചൊരാക്കാലം.

മധുരമാം ഓര്‍മ്മകള്‍ എന്നില്‍ പകര്‍ന്നിട്ടിന്ന്
എങ്ങോട്ടോ പോയെന്റെ അച്ഛന്‍.
കാലത്തിനിക്കരെ നിന്നു ഞാനച്ഛനെ
ഓര്‍ത്തു കണ്ണീരൊഴുക്കുന്നു.

ഇന്നും ഓര്‍ത്ത് കണ്ണീരൊഴുക്കുന്നു.
ഇനിയൊരു ജന്മം എനിക്ക് തന്നാല്‍
അച്ഛന്റെ മകളായിപിറക്കണമെനിക്ക്.

രചന : മായ ഉദയന്‍

Leave a Reply

Your email address will not be published. Required fields are marked *