കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഡിവിഷന്‍ 23 ല്‍ ഉള്‍പ്പെട്ട താന്തോന്നി തുരുത്തില്‍ ഓരു വെള്ള ഭീഷണി നേരിടുന്നതിന് നിര്‍മ്മിക്കുന്ന ഔട്ടര്‍ ബണ്ട് നിര്‍മ്മാണത്തിന്റെ പുരോഗതി ടി.ജെ വിനോദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ വിലയിരുത്തി. 600 മീറ്റര്‍ നീളത്തിലാണ് ബണ്ട് നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം വിഭാവനം ചെയ്തിരിക്കുന്നത്.കിഴക്കെ കരയില്‍ 310 മീറ്ററും പടിഞ്ഞാറെ കരയില്‍ 290 മീറ്റര്‍ നീളത്തിലുമാണ് ബണ്ട് നിര്‍മ്മിക്കുന്നത്.മാര്‍ച്ച് ഏപ്രില്‍ മാസത്തോടെ പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് പ്രവര്‍ത്തികള്‍ നടന്നുവരുന്നത്.
ജനവാസ മേഖലകളില്‍ ഔട്ടര്‍ ബണ്ടും ഇടത്തോടുകളില്‍ സ്ലുയ്സും നിര്‍മ്മിക്കണമെന്ന വ്യവസ്ഥയിലാണ് കെ.സി.ഇസെഡ്.എം.എ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുള്ളത്.പദ്ധതിയുടെ രണ്ടാം ഘട്ടമായി ദ്വീപിന്റെ ശേഷിക്കുന്ന ഭാഗത്തും ബണ്ട് നിര്‍മ്മാണം നടത്തുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി ജിഡ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ ടി ജെ വിനോദ് എം.എല്‍.എ എക്‌സിക്യൂട്ടീവ് എഞ്ചിനിയറോട് ആവശ്യപ്പെട്ടു. ആദ്യഘട്ട നിര്‍മ്മാണത്തിന്റെ ഭാഗമായി തീരദേശ പരിപാലന വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുള്ളതിനാല്‍ ഫണ്ട് അനുവദിച്ചു കിട്ടിയാല്‍ ഉടനെ തന്നെ പ്രവൃത്തി ആരംഭിക്കാവുന്നതാണ്.
ഡിവിഷന്‍ കൗണ്‍സിലര്‍ സിബി ജോണ്‍, മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി അബ്ബാസ്,അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. സിന്ധു , അസിസ്റ്റന്റ് എന്‍ജിനീയര്‍ യു.മുഹമ്മദ് അജ്മല്‍ , ഓവര്‍സിയര്‍ കെ. രാഹുല്‍ ദാസ് ഉള്‍പ്പടെയുള്ളവര്‍ സന്നിഹിതരായിരുന്നു.

