സിഡ്നി: സിഡ്നിയിലെ നോർത്തേൺ ബീച്ചിലുള്ള നരബീൻ ലഗൂൺ ട്രെയിലിൽ നടക്കാനിറങ്ങിയ നിരവധി യുവതികളെ ഇ-ബൈക്കിലെത്തിയ യുവാവ് ലൈംഗികമായി അതിക്രമിച്ചതായി പരാതി. ഒക്ടോബർ 1 മുതൽ 8 വരെയുള്ള ദിവസങ്ങളിലായി അഞ്ച് സ്ത്രീകളാണ് അതിക്രമത്തിന് ഇരയായതായി പോലീസിൽ പരാതി നൽകിയിട്ടുള്ളത്. തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി സംശയമുള്ള വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. ഇയാളെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായവും അധികൃതർ തേടിയിട്ടുണ്ട്.
വാക്കിംഗ് പാതയിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീകളെ ഇ-ബൈക്കിലെത്തിയ പ്രതി സമീപിച്ച് ലൈംഗികമായി സ്പർശിക്കുകയും മോശം ലൈംഗിക പരാമർശങ്ങൾ നടത്തുകയും ചെയ്ത ശേഷം വേഗത്തിൽ ബൈക്കോടിച്ച് രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ഒരു സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന രണ്ട് യുവതികൾ ഒരുമിച്ച് അതിക്രമത്തിന് ഇരയായി. ഒക്ടോബർ 1-ന് ലഭിച്ച ആദ്യ പരാതിക്ക് പിന്നാലെ വിവരം നൽകാൻ പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചതോടെയാണ് മറ്റു മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി നാല് സ്ത്രീകൾ കൂടി പരാതിയുമായി മുന്നോട്ടുവന്നത്.
സംഭവങ്ങൾ ഗൗരവമായി എടുത്ത ന്യൂ സൗത്ത് വെയ്ൽസ് പോലീസ്, സ്റ്റേറ്റ് ക്രൈം കമാൻഡിന്റെ സെക്സ് ക്രൈംസ് സ്ക്വാഡിന്റെ സഹായത്തോടെ ‘സ്ട്രൈക്ക് ഫോഴ്സ് മെക്സ്വോ’ രൂപീകരിച്ച് പ്രത്യേക അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഏകദേശം 25 വയസ്സിന് താഴെ പ്രായവും 175 സെന്റീമീറ്റർ ഉയരവും ഇടത്തരം ശരീരപ്രകൃതിയുമുള്ള കൊക്കേഷ്യൻ വംശജനായ യുവാവാണ് പ്രതിയെന്നാണ് സൂചന. ഇയാൾ ചുവപ്പും വെള്ളയും കലർന്ന ഷർട്ടും ഗ്രേ നിറത്തിലുള്ള സ്വെറ്റ് പാന്റ്സും വെള്ള ഷൂസും ധരിച്ച് ഇ-ബൈക്ക് ഓടിക്കുന്ന നിലയിലാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്

