ജനുവരിയില്‍ നടക്കുന്ന കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുനാള്‍ സുഗമമായി നടത്തുന്നതിനായുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.
തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനൊപ്പം സുരക്ഷാ ക്രമീകരണങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.തിരുനാള്‍ ദിവസങ്ങളില്‍ അനുഭവപ്പെടുന്ന വലിയ തിരക്ക് കണക്കിലെടുത്ത് പോലീസിന്റെ പ്രത്യേക സംഘത്തെ സുരക്ഷാ ഡ്യൂട്ടിക്കായി വിന്യസിക്കും. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ വിപുലമായ ട്രാഫിക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും.
തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്‍.ടി.സി ആലുവ, അങ്കമാലി, പെരുമ്പാവൂര്‍ ഡിപ്പോകളില്‍ നിന്നും പ്രത്യേക സര്‍വീസുകള്‍ നടത്തും. തിരുനാളിന് മുന്‍പായി പള്ളിയിലേക്കുള്ള പ്രധാന റോഡുകളുടെ ടാറിങ് ജോലികളും തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പള്ളി പരിസരവും പരിസരപ്രദേശങ്ങളും ശുചീകരിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും
.
തിരുനാള്‍ പറമ്പില്‍ വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ഫുഡ് സേഫ്റ്റി വിഭാഗം കര്‍ശന പരിശോധന നടത്തും. മെഡിക്കല്‍ ടീമിന്റെയും ആംബുലന്‍സിന്റെയും സേവനത്തിനൊപ്പം ഫയര്‍ഫോഴ്‌സ് യൂണിറ്റും 24 മണിക്കൂറും സജ്ജമായിരിക്കും. തടസ്സമില്ലാത്ത കുടിവെള്ള വിതരണവും വൈദ്യുതി ലഭ്യതയും ഉറപ്പുവരുത്താന്‍ വാട്ടര്‍ അതോറിറ്റിക്കും കെ.എസ്.ഇ.ബിക്കും പ്രത്യേക നിര്‍ദ്ദേശം നല്‍കി. അനധികൃത മദ്യവില്പനയും ലഹരി പദാര്‍ത്ഥങ്ങളുടെ വ്യാപനവും തടയാന്‍ എക്‌സൈസ് വിഭാഗത്തിന്റെ കര്‍ശന നിരീക്ഷണം ഉണ്ടാകും.
പരിസ്ഥിതി സൗഹൃദമായ രീതിയില്‍ പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഇത്തവണത്തെ ആഘോഷങ്ങള്‍. കേരളത്തിന്റെ നാനാഭാഗത്തുനിന്നും എത്തുന്ന ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിനും നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിക്കുന്നതിനും ആവശ്യമായ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്ന് വികാരി ഫാ. ജോയി കണ്ണംമ്പുഴയും തിരുനാള്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ജോയി ഇടശ്ശേരിയും അറിയിച്ചു.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വിനോദ് രാജ്,എ എസ് പി ഹര്‍ദിക്ക് മീണ,പള്ളി ഭാരവാഹികള്‍,വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

